മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പാലുല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. 53 കോടി രൂപ ചിലവില്‍ മലപ്പുറത്താരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ക്ഷീര കര്‍ഷകരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകും. പാലുല്‍പാദനത്തില്‍ മലബാര്‍ വലിയ വിപ്ലവമാണ് സാധ്യമാക്കുന്നത്. 37 ശതമാനത്തിന്റെ വര്‍ധനവാണ് പാലുല്‍പ്പാദനത്തില്‍ മലബാറിലുണ്ടായതെന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ക്ലിനിക്കുകള്‍ ബ്ലോക്ക് തലത്തില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ സമയവും വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമാകുന്ന തരത്തിലാണ് 24 മണിക്കൂര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്കില്‍ ഒരു ക്ലിനിക്കിലായിരിക്കും ഈ സൗകര്യമുണ്ടാകുക. വീട്ടുപടിക്കല്‍ വെറ്റിനറി ക്ലിനിക്കിന്റെ സേവനമെത്തിക്കുന്ന പദ്ധതി വ്യാപിപ്പിക്കും. പക്ഷി, മൃഗങ്ങള്‍ക്കായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി ആരംഭിക്കുന്നത്. കാലപ്പഴക്കം കാരണവും, 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെ തുടര്‍ന്നും ആശുപത്രി കെട്ടിടത്തിന് ബലക്ഷയം നേരിട്ടിരുന്നു. തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. വലിയ മൃഗങ്ങള്‍ക്കും
ചെറിയ മൃഗങ്ങള്‍ക്കുമുള്ള ഒ.പി ബ്ലോക്ക്, വാക്‌സിനേഷന്‍ ബ്ലോക്ക്, ഓപ്പറേഷന്‍ തിയ്യറ്റര്‍, ലാബോറട്ടറി, ഫാര്‍മസി, എമര്‍ജന്‍സി വെറ്റിനറി സര്‍വീസ്, നൈറ്റ് വെറ്റിനറി സര്‍ജന്‍ റഫറിംഗ് ഓഫീസ്, സ്റ്റോര്‍ റൂം, ഓഫീസ് കോംപ്ലക്‌സ് എന്നീ സൗകര്യങ്ങള്‍ പുതിയ കെട്ടിടസമുച്ചയത്തില്‍
ഉണ്ടാകും.
ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഡിജിറ്റല്‍ പ്രകാശനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീര്‍, ഷീന സുദേശന്‍, ഒ.ഒ. ഷംസു, എം. ആബിദ, നസീമ ഫിറോസ്, അജീന ജബ്ബാര്‍, ഫര്‍ഹാന്‍ ബിയ്യം, എ. അബ്ദുള്‍ സലാം, ഗിരീഷ് കുമാര്‍, അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി, സി. ഹരിദാസ്, കുഞ്ഞിമുഹമ്മദ് കടവനാട്, ചക്കൂത്ത് രവീന്ദ്രന്‍, കുമ്മില്‍ ഷംസു, പി. സലീം, സി. മനോജ് കുമാര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. വി. ഉമ, സി. ഇബ്രാഹിം, സിനി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.