ഇടുക്കി : ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണെന്നു ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓണ്‍ലൈനായി നടത്തിയ ജില്ലാ വികസന സമിതി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 14 ന് സംസ്ഥാനതലത്തില്‍ നടത്തുന്ന പട്ടയ വിതരണ മേളയുടെ ഭാഗമായി ജില്ലാ ആസ്ഥാനത്തും അഞ്ച് താലൂക്കാസ്ഥാനങ്ങളിലും പട്ടയമേള സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പുരോഗതി മന്ത്രി വിലയിരുത്തി. 14 ന് വിവിധ വിഭാഗങ്ങളിലായി 2400 ലേറെ പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞതായി സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗത്തില്‍ അറിയിച്ചു.

ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അറ്റകുറ്റ പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്തി അവ പൂര്‍ത്തീകരിക്കും.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ വേണ്ട നടപടികള്‍ സ്വീകരിക്കും. പൈപ്പുകള്‍ മാറ്റി വെയ്ക്കുന്നതു പോലുള്ള കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചു വേഗം പൂര്‍ത്തിയാക്കും. കൂടാതെ ഇടുക്കി പാക്കേജ് പദ്ധതി നടപ്പിലാക്കല്‍ മെച്ചമായ രീതിയില്‍ മുന്‍പോട്ട് പോകുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ അതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിച്ചു വരുകയാണ്.
സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി ഓരോ വകുപ്പും വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍14 ന് പട്ടയമേള എല്ലാ താലൂക്കുകളിലും സംഘടിപ്പിക്കുന്നതോടൊപ്പം ജില്ലാതല പരിപാടി ഇടുക്കി താലൂക്കിലായിരിക്കും. 2423 പട്ടയങ്ങളാണ് അതില്‍ വിതരണം ചെയ്യുന്നത്.

ജില്ലയിലെ രാജാക്കാട്, ശാന്തന്‍പാറ എന്നീ രണ്ട് പഞ്ചായത്തുകളില്‍ വാതില്‍പ്പടി സേവനം ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സേവനങ്ങളാണ് ഈ പഞ്ചായത്തുകളിലെ ആളുകളുടെ അടുക്കല്‍ എത്തിക്കുക.

തൊടുപുഴയില്‍നിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ജില്ലാ പഞ്ചായത്തിന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം 13ന് ഉച്ച കഴിഞ്ഞു നടത്തും.

ശുചിത്വ മിഷന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം 7 ന് മൂന്ന് മണിക്ക് പള്ളിവാസല്‍, പീരുമേട്, കരുണാപുരം, പെരുവന്താനം പഞ്ചായത്തുകളില്‍ നടത്തും.

ഇതില്‍ ചിലത് ടൂറിസ്റ്റുകള്‍ക്കായുള്ള കഫെറ്റേറിയ കൂടി ഉള്‍പ്പെടുന്നതാണ്. പള്ളി വാസലില്‍ ലോ ഫ്‌ളോര്‍ ബസിന്റെ ആകൃതിയില്‍ പുതിയ രൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്. 1964ലെ ഭൂമി പതിവു ചട്ടങ്ങളുടെ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നു ഡീന്‍ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടികള്‍, പുതിയ ബ്ലോക്കില്‍ കോവിഡ് ഇതര ചികിത്സ, മെഡിക്കല്‍ ബോര്‍ഡിന്റെ കൃത്യമായ യോഗം ചേരല്‍, ജില്ലയിലെ പ്രധാന റോഡുകളുടെ വശങ്ങളില്‍ വളരുന്ന കാട് നീക്കം ചെയ്യല്‍, കാഞ്ചിയാറില്‍ 110 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ അദ്ദേഹം ജില്ലാ വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

1964ലെ ഭൂമി പതിവു ചട്ട ഭേദഗതി നടപടികള്‍ വേഗത്തിലാക്കണമെന്നു പിജെ ജോസഫ് എംഎല്‍ എ ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണപുരോഗതി ,കോടിക്കുളം പഞ്ചായത്തിലെ 75 ലക്ഷത്തിന്റെ പാലം നിര്‍മാണ വിഷയം തുടങ്ങിയവയും അദ്ദേഹം അവതരിപ്പിച്ചു.

പീരുമേട് പഞ്ചായത്തിലെ കരടിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രിക്കു പുതിയ സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തിവരുകയാണെന്ന് എം എല്‍ എ അറിയിച്ചു.

സര്‍ക്കാരിന്റെ നുറു ദിന കര്‍മ പരിപാടിയില്‍ മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡ്, അംഗന്‍വാടി, സബ്‌സ്റ്റേഷന്‍ കെട്ടിടം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എ രാജ എം എല്‍ എ പറഞ്ഞു. ശുചിത്വ മിഷന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി മറ്റു പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിന് ഭൂമിക്കായി എന്‍ ഒ സി ആവശ്യമാണ്. മൊബൈല്‍ ടവര്‍, ലൈഫ് മിഷന്‍ വീട് നിര്‍മാണം, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഇതേ പ്രശ്‌നമുണ്ട്. മൂന്നാര്‍ ക്ഷേത്രം റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിനു സമീപം കൊലുമ്പന്‍ സ്മാരകമെന്ന നിലയില്‍ പെര്‍ഫോമിംഗ് തീയറ്റര്‍ സ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ 13ന് തറക്കല്ലിടുമെന്നു ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

യോഗത്തില്‍ ,ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ഷൈജു പിജേക്കബ് എന്നിവരും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.