ടോക്കിയോ ഒളിമ്പിക്‌സിലെ താരങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു
ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി താരങ്ങളെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിജയിക്കുമ്പോള്‍ മാത്രം ശ്രദ്ധാ കേന്ദ്രങ്ങളാകുന്നവരാണ് കായിക താരങ്ങളുടെ വിജയത്തിലേക്കുള്ള യാതനകള്‍ പുതുതലമുറ ഉള്‍ക്കൊണ്ട് പാഠമാക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നത് നല്ലതാണ്. ഇതിനൊപ്പം കൂടുതല്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്, മലപ്പുറത്തുനിന്ന് മൂന്നാം തവണയും ഒളിമ്പിക്‌സ് മാരത്തണ്‍ നടത്തത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച കെ.ടി. ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച എം.പി ജാബിര്‍ എന്നിവരേയും നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റാങ്കിംഗില്‍ മൂന്നാമതെത്തിയ മുഹമ്മദ് ഹനാന്‍, ഗോവയില്‍ നടന്ന കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു സ്വര്‍ണ്ണ മെഡല്‍ നേടിയ യു.പി. ഷഹബാസ് എന്നിവരെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്.
ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവര്‍ക്കുള്ള 50,000 രൂപയും സ്പീക്കര്‍ കൈമാറി. എം.പി ജാബിറിന്റെ പിതാവ് എം.പി. ഹംസയാണ് തുക ഏറ്റുവാങ്ങിയത്. മുഹമ്മദ് ഹനാന്‍, യു.പി. ഷഹബാസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഒളിമ്പിക് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിനേയും മരത്തണ്‍ നടത്തത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച കെ.ടി. ഇര്‍ഫാനേയും മാലയിട്ട് ആദരിച്ചാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി എതിരേറ്റത്. മലപ്പുറത്തു നിന്നു സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം കൈമാറി.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, കായിക രംഗത്തെ പ്രമുഖര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.