കെ.എൽ 14 വികസന ടോക്ക് സീരിസിന് തുടക്കമായി

കാസർകോട് ജില്ലയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കാസർകോട് ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുവാനും ആവശ്യമായ നയസമീപനങ്ങൾ സ്വീകരിക്കാനും പദ്ധതികൾ രൂപീകരിക്കാനും സംഘടിപ്പിക്കുന്ന കെ
എൽ 14 വികസന ടോക്ക് സീരിസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന മേഖലകളിൽ കാസർകോട് ജില്ല ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ധാരാളം സർക്കാർ ഭൂമി ലഭ്യമായ ജില്ലയാണ് കാസർകോട്.

കാർഷിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ഏറെ സാധ്യതകൾ ജില്ലയിലുണ്ട്. സിൽവർ ലൈൻ റെയിൽ ഉൾപ്പടെ യാഥാർഥ്യമാകുമ്പോൾ ഇനിയും മുന്നേറാൻ കഴിയും. സർക്കാരിന്റെ പുതിയ പദ്ധതികളിൽ കാസര്കോടിന് മുന്തിയ പരിഗണന നൽകുമെന്നും വികസന കാര്യങ്ങളിൽ സവിശേഷ കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നതിനൊപ്പം എം എൽ എ മാരുമായും തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുമായി ചർച്ചകൾ നടത്തി വികസന ആശ്യങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.പി വി ദിനേശ് മോഡറേറ്റർ ആയിരുന്നു. വ്യാവസായിക രംഗത്തു കാസര്കോടിന് ഏറെ.മുന്നോട്ട് പോകാനുള്ള സാധ്യതകൾ ഉണ്ടെന്ന് എൻ.എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. കാസർകോട് നഗരത്തിൽ ആസ്ട്രൽ വാചസ് പ്രവർത്തിച്ച വ്യവസായ വകുപ്പിന് കീഴിലെ രണ്ടേക്കർ ഭൂമി പ്രയോചനപ്പെടുത്തിയാൽ നിരവധി പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും.

സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഇവിടെ തുടങ്ങാമെന്നു വ്യവസായ വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. അത് വേഗം യാഥാർഥ്യമാക്കണം. കാസർകോട് മെഡിക്കൽ കോളേജിന് 160 കോടി രൂപ സർക്കാർ അനുവദിച്ചത് അഭിനന്ദനാർഹമാണെന്നും ബഡ്‌ജറ്റ്‌ വിഹിതങ്ങളിൽ മറ്റു ജില്ലകൾക്കുള്ളത് പോലെ.പരിഗണന കാസർകോടിനും വേണമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

വ്യവസായങ്ങൾക്ക് ഏറെ സാധ്യതകൾ കാസർകോട് ഉണ്ടെന്ന് വ്യവസായ വകുപ്പ് ഡയറക്ടർ എസ്‌.ഹരികിഷോർ പറഞ്ഞു. കാസർകോട് ജില്ലയുടെ വ്യവസായ വികസനങ്ങൾ വേഗത്തിലാക്കാൻ വ്യവസായ പാർക്കുകളിലൂടെ സാധിക്കും. ഓരോ പ്രദേശങ്ങൾക്കാനുസരിച്ചു ഇതു വഴി വ്യവസായം കൊണ്ടു വരാം. തദ്ദേശ സ്ഥാപനങ്ങൾ മുൻ കൈ എടുത്ത് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർവകലാശാല ഉൾപ്പെടെ വന്നപ്പോൾ വിദ്യാഭ്യാസ മേഖലയിൽ മുന്നോട്ട് പോകാൻ ജില്ലക്ക് സാധിച്ചിട്ടുണ്ടെന്നും ജില്ലയുടെ സമഗ്ര വികസനത്തിന് എല്ലാ മേഖലയിലേക്കും ശ്രദ്ധ പതിയണമെന്നും മുൻ എം പി പി. കരുണാകരൻ പറഞ്ഞു. എച്ച്. എ. എൽ യൂണിറ്റ് കാസർകോട് ഉണ്ട്. അതിന്റെ സാധ്യതകൾ പ്രയോചനപ്പെടുത്തണം. ഭെൽ യൂണിറ്റ് വികസനം സാധ്യമാകണമെന്നും വ്യാവസായിക മേഖലയിൽ ഉണർവുണ്ടാക്കാൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രണ് വീർചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്‌ പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ്‌മോഹൻ, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ.സി.തമ്പാൻ,ജില്ല ആസൂത്രണ സമിതി സർക്കാർ നോമിനീ അഡ്വ.സി. രാമചന്ദ്രൻ, കാസർകോട് ജില്ലാ പഞ്ചായത്ത് ഇൻ്റേൺസ് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, പ്രവാസി സംഘടന പ്രതിനിധികൾ, സംരംഭകർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ജില്ലയുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പദ്ധതികൾ പ്രാവർത്തികമാക്കാനും ജില്ലയിലെ പ്രകൃതി – മാനവ – സാമ്പത്തിക വിഭവ ഘടകങ്ങളെ ജനപങ്കാളിത്തത്തോടെ തിരിച്ചറിഞ്ഞ് ഏകോപിപ്പിക്കാനുമാണ് നവമാധ്യമ സംവാദ പരമ്പര ആരംഭിച്ചത്.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ ജനകീയാഭിപ്രായത്തിന്റെ വേദിയായ നവമാധ്യമങ്ങളുടെ കൂടി സാധ്യതകൾ ഉപയോഗിച്ച് മന്ത്രിമാരോട് സംവദിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള അവസരമൊരുക്കുക, ഇതുവഴി ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.