പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ, സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവില്‍, കക്കി-ആനത്തോട് റിസര്‍വോയറിലെ അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.4 മീറ്ററാണ് (അപ്പര്‍ റൂള്‍ ലെവല്‍).

കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് റിസര്‍വോയറിലെ ജലനിരപ്പ് യഥാക്രമം 974.4 മീറ്റര്‍, 975.4 മീറ്റര്‍, 975.9 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. 2021 സെപ്റ്റംബര്‍ നാലിന് ഡാമിലെ ജലനിരപ്പ് 974.4 മീറ്റര്‍ എത്തി ചേര്‍ന്നതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ജില്ലയിലെ നദീ തീരങ്ങളില്‍ പ്രത്യേകിച്ച് പമ്പയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ അക്കാര്യം യഥാസമയം ജനങ്ങളെ അറിയിക്കുമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.