പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് (എന്‍ക്യുഎഎസ്) ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല പരിശോധന നടത്തി. ജൂലൈ എട്ടിന് നടത്തിയ ജില്ലാതല പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് ചെക്ക്‌ലിസ്റ്റ് പ്രകാരം 65 ശതമാനം മാര്‍ക്ക് നേടി ദേശീയതല വിലയിരുത്തലിന് യോഗ്യത നേടി.

2021 ഫെബ്രുവരി 17ന് ആരംഭിച്ച ഈ സ്ഥാപനം ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് ഉയരുന്നത് തിരുവല്ല നഗരസഭയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പത്തനംതിട്ട ജില്ലയില്‍ ദേശീയ നിലവാരത്തിലേക്ക് അര്‍ഹത ലഭിക്കുന്ന ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രമാണിത്. ഇവിടെ എല്ലാവിധ ചികിത്സാ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാണ്. ഒപി, ഫാര്‍മസി ലാബ്, പൊതുജനാരോഗ്യ വിഭാഗം, കോവിഡ് വാക്‌സിനേഷന്‍ എന്നിവ നല്‍കി വരുന്നു.

ജില്ലാതല മാനസികാരോഗ്യ പരിപാടി, കൗണ്‍സിലിംഗ്, സൗജന്യ നേത്ര പരിശോധന, കൗമാര ആരോഗ്യ പരിപാടി, വയോജന ആരോഗ്യ പരിപാടി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്ക്, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ നടന്നു വരുന്നു.
അര്‍ബന്‍ പിഎച്ച്‌സിയിലെ എല്ലാ സേവനങ്ങളും കംപ്യൂട്ടര്‍വല്‍ക്കരിച്ച് ഇ ഹെല്‍ത്ത് പ്രോഗ്രാം ഈമാസം നടപ്പാക്കും. ഇഹെല്‍ത്ത് വരുന്നതോടു കൂടി അത്യാധുനിക നിലവാരത്തിലേക്കും ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങളും ഒരു വിരല്‍ തുമ്പില്‍ ലഭ്യമാക്കാനും സാധിക്കും.

ഇതിലൂടെ മികച്ച ചികിത്സ നല്‍കാനും സാധിക്കും. എന്‍ക്യുഎഎസ് സംസ്ഥാനതല വിലയിരുത്തലില്‍ സ്‌റ്റേറ്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ഡോ. അജിത് ഇ കുട്ടി, എറണാകുളം ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ മുത്തുലക്ഷ്മി, ആലപ്പുഴ ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ അഭിയാ സൈനുദീന്‍ എന്നിവര്‍ പങ്കെടുത്തു.

വിലയിരുത്തലിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ്, ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ജനദത്തന്‍, അര്‍ബന്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അപര്‍ണ ലാലു, ജില്ലാ അര്‍ബന്‍ കോ-ഓര്‍ഡിനേറ്റര്‍ അനു, സ്‌പെഷല്‍ ഓഫീസര്‍ സുധീഷ് ജി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.