പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ”ബി ദ വാരിയര്‍” ബോധവത്കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്ത്് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലഭായ്, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് തോമസ് ഉഴുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. യഥാസമയം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട്, എസ്.എം.എസ് കൃത്യമായി പാലിച്ചുകൊണ്ട്, ആധികാരികമായ സന്ദേശങ്ങള്‍ മാത്രം കൈമാറിക്കൊണ്ട് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു യോദ്ധാവായി ഓരോ വ്യക്തിയും മാറണം എന്നതാണ് ക്യാമ്പയിന്‍ നല്കുന്ന സന്ദേശം.