സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരിൽ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദേശവും സർക്കാർ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളെയാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കും.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.

സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സംസ്ഥാന, ജില്ല, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ നേതൃത്വത്തിലും ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളിൽ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികൾ പ്രവർത്തിക്കുക. സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ മേൽനോട്ടത്തിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.

എല്ലാ രോഗികൾക്കും സി.എഫ്.എൽ.റ്റി.സി, സി.എസ്.എൽ.റ്റി.സി, ഡി.സി.സി, കോവിഡ് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെ കുറിച്ച് വിവരങ്ങൾ നൽകും. ഫീൽഡ് തലത്തിൽ ജെ.പി.എച്ച്.എൻ., ജെ.എച്ച്.ഐ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെക്കുറിച്ച് കോവിഡ് മുക്തരായവർക്ക് ബോധവത്കരണം നൽകും. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ഫീൽഡ് തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിവർ അതത് പ്രദേശത്തുള്ള കോവിഡ് മുക്തരായവർ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ എത്തി സേവനം തേടുന്നുവെന്ന് ഉറപ്പ് വരുത്തും.

ആശുപതികളിൽ ചികിത്സയ്ക്കായി എത്തുന്ന കോവിഡ് രോഗികളുടെ പേരും മേൽവിലാസവും അതതു പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് നൽകും.
പി.എച്ച്.സി, എഫ്.എച്ച്.സി., സി.എച്ച്.സി. തലത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ എത്തുന്ന രോഗികളെ രജിസ്റ്റർ ചെയ്യുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്യും. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ ദ്വീതീയ, ത്രിതീയ തല ആശുപത്രികളിലേക്ക് റഫർ ചെയ്യും. രോഗികളുടെ റഫറൽ വിവരങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്യും.

താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ എൻ. റ്റി, അസ്ഥിരോഗവിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങൾ ലഭ്യമാക്കും.

ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന പൾമണറി റിഹാബിലിറ്റേഷൻ ക്ലിനിക്കുകളിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന്റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ് എന്നിവരുടയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ എത്തേണ്ടവരുടെ വിവരങ്ങൾ ഫീൽഡ് തലത്തിലും ക്ലിനിക്കുകളിൽ എത്തുന്നവരുടെ വിവരങ്ങൾ ക്ലിനിക്കുകളിലും രേഖപ്പെടുത്തി ജില്ലാതലത്തിൽ ക്രോഡീകരിച്ച് റിപ്പോർട്ട് ചെയ്യും.