ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സ്മാര്‍ട്ടാകാനൊരുങ്ങി പത്തിയൂര്‍ വില്ലേജ് ഓഫീസ്. കാര്‍ത്തികപ്പള്ളി താലൂക്കിലെ പത്തിയൂര്‍ വില്ലേജ് ഓഫീസ് ആധുനിക സൗകര്യങ്ങളോട് കൂടി 44 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല. വില്ലേജ് ഓഫിസര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേകം ക്യാബിനുകള്‍, സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കാര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനായി ശുചിമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹാര്‍ദമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവ സ്മാര്‍ട്ടാക്കുന്നത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന ചിങ്ങോലി വില്ലേജ് ഓഫിസും കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തിയിരുന്നു.

പഴയ കെട്ടിടത്തില്‍ നിന്നും മാറി പത്തിയൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഒഫീസായി ഉയര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യതയോടും കൂടി ലഭ്യമാവും. പൊതുജന സൗഹൃദവും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിധവുമാണ് ഓഫീസില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.