ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിച്ച ഒന്‍പത് ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴ് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാനത്ത് 100 ‘ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനതല ഉദ്ഘാടനങ്ങള്‍ പ്രാദേശികമായി നടത്തും.
ജില്ലയില്‍ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന 82 ടേക്ക് എ ബ്രേക്ക് പദ്ധതികളാണ് ജില്ലയില്‍ ഇതേവരെ എടുത്തിട്ടുള്ളത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കായംകുളം, ചേര്‍ത്തല നഗരസഭകളിലും അരൂര്‍, തൈക്കാട്ടുശ്ശേരി, മുഹമ്മ, അമ്പലപ്പുഴ തെക്ക്, കണ്ടല്ലൂര്‍, വീയപുരം, തകഴി ഗ്രാമപഞ്ചായത്തുകളിലുമായുള്ള ഒന്‍പത് ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
ദേശീയ- സംസ്ഥാന പാതയോരങ്ങളിലും പ്രധാന പൊതു ഇടങ്ങളിലും ആധുനിക സൗകര്യങ്ങളോടെ ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാന്‍ പ്രാപ്തമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ശുചിമുറികളും വിശ്രമ കേന്ദ്രങ്ങളുമടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക്.