തിരുവനന്തപുരം: ജില്ലയിലെ ആദ്യ കണ്ടല്‍ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാല്‍ കരിച്ചല്‍ കായല്‍ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് കരിച്ചല്‍ കായല്‍ പ്രദേശത്ത് കണ്ടല്‍ പച്ചത്തുരുത്ത് വച്ചുപിടിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ പരിസ്ഥിതിയുടെയും കണ്ടല്‍വനങ്ങളുടെയും സംരക്ഷണം, കരിച്ചല്‍ കായലിന്റെ പുനരുദ്ധാരണം എന്നിവയ്ക്കു പ്രഥമ പരിഗണന നല്‍കിയാണു പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ പി.വി. ദിവാകരന്റെ നേതൃത്വത്തിലാണു കണ്ടല്‍ പച്ചത്തുരുത്ത് ആവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. കണ്ടല്‍ പച്ചതുരുത്ത് നിര്‍മാണത്തിനു സാധ്യതയുള്ള ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നു ഹരിത കേരളം മിഷന്‍ ടെക്നിക്കല്‍ ഓഫീസര്‍ വി.വി. ഹരിപ്രിയ ദേവി പറഞ്ഞു.
പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.വി. ദിവാകരനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി. മന്‍മോഹന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.ബി. സുനിതാ റാണി, കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. ജെറോം ദാസ്, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷൈലജ കുമാരി, കരുംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം. ചിഞ്ചു, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. പ്രവീണ്‍ കുമാര്‍ നീലേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.