നഗരത്തിന്റെ തീര മേഖലയെ നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലത്തിന്റെ പുനർനിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പഴയ പാലം പൊളിച്ച് പുതിയ പാലം നിർമാണം പൂർത്തിയാകുന്നതുവരെ നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താൽക്കാലിക പാലത്തിന്റെ നിർമാണം ഒക്‌ടോബർ 15 മുമ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
വള്ളക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജുമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
നേരത്തെ വള്ളക്കടവ് പാലം സന്ദർശിച്ച മന്ത്രി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നർദ്ദേശിച്ചിരുന്നു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകനയോഗം ചേരാനും തീരുമാനിച്ചു.