കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിലയിരുത്തി. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിപ കൺട്രോൾറൂം സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ അഞ്ച് മുതലാണ് കൺട്രോൾ റൂം പ്രവർത്തന സജ്ജമായത്. എൻക്വയറി കൗണ്ടർ, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടർ, മെഡിക്കൽ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ ഇപ്പോൾ മൂന്ന് കൗണ്ടറുകളുൾപ്പെടെയാണ് കൺട്രോൾറൂം പ്രവർത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

എൻക്വയറി കൗണ്ടർ

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് എൻക്വയറി കൗണ്ടർ. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാം.

കോണ്ടാക്ട് ട്രാക്കിങ് കൗണ്ടർ

ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടേയും വിവരങ്ങൾ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോർഡ് ചെയ്യുന്നു. രാവിലെ ഒൻപത് മുതൽ ആറ് വരെയാണ് പ്രവർത്തന സമയം. എട്ട് വോളന്റിയർമാരാണ് ഇവിടെ പ്രവർത്തിക്കുന്നത്.

മെഡിക്കൽ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം

മെഡിക്കൽ കോളേജിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങളാണ് രേഖപ്പെടുത്തുന്നത്. നാലുപേരടങ്ങുന്നതാണ് ഈ ടീം.