കാസർഗോഡ്: പള്ളിക്കരയിലെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.35കോടി രൂപയുടെ പ്രവൃത്തികള്‍ ഡിസംബര്‍ മാസത്തിന് മുന്‍പ് ആരംഭിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍ദേശിച്ചു. അല്ലെങ്കില്‍ തുക തിരിച്ചടക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഉദുമ മണ്ഡലത്തിലെ എം.എല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളങ്കോട് യു.പി.സ്‌കൂളിന്റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ അടിസ്ഥാന നിര്‍മാണങ്ങള്‍ മാത്രമാണ് നടത്തിയത്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഈ കരാര്‍ റദ്ദാക്കി പകരം തൊട്ടടുത്ത തുക ടെണ്ടര്‍ നല്‍കിയയാള്‍ കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ച പദ്ധതികളില്‍ സാങ്കേതിക കുരുക്കുള്ളവ ഒഴിവാക്കാനും പദ്ധതികള്‍ക്ക് പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.
പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്ലുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ എ.ഇമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, എ.ഡി.സി ജനറല്‍ നിഫി എസ്.ഹഖ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.