എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിനുള്ള അനുമതി അതാത് താലൂക്കുകളിൽ നിന്നും ലഭ്യമാക്കാൻ നാട്ടാന പരിപാലന അവലോകന സമിതി യോഗത്തിൽ തീരുമാനമായി. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ നിന്നാണ് അനുമതി നൽകിയിരുന്നത്.

ആന എഴുന്നള്ളിപ്പിനുള്ള കൂടുതൽ അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് അതാത് താലൂക്ക് തലത്തിലേക്ക് ഇതിനുള്ള അനുമതി മാറ്റുന്നത്. ചടങ്ങുകൾക്കുമാത്രം അമ്പലത്തിനകത്ത് ആനയെ എഴുന്നള്ളിപ്പിനുള്ള അനുമതിയാണ് നിലവിൽ നൽകുന്നത്. ജില്ലയിൽ രജിസ്റ്റർ ചെയ്ത 650 ക്ഷേത്രങ്ങളാണുള്ളത്.

എ ഡി എം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഏഴ് താലൂക്കുകളിലെ തഹസിൽദാർമാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ,
എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികൾ, ഫെസ്ററിവല്‍ കോ-ഓര്‍ഡിനേഷന്‍ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.