മലപ്പുറം: പെരിന്തൽമണ്ണ നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് നഗരസഭ ചെയർമാൻ പി.ഷാജി ഫ്ലാഗ് ഓഫ് ചെയ്ത് ജനങ്ങൾക്കായി തുറന്ന് നൽകി. നഗരത്തിലെ മൂന്ന് ബസ് സ്റ്റാൻഡുകളെയും ഉൾപ്പെടുത്തിയുള്ള പുതിയ ഗതാഗത പരിഷ്ക്കരണവും ഇതോടൊപ്പം നിലവിൽ വന്നു. ആദ്യ ഘട്ട നിർമാണം കഴിഞ്ഞ ബസ് സ്റ്റാൻഡിന് അടുത്തിടെയാണ് ആർ.ടി.എ. അംഗീകാരം ലഭിച്ചത്.

നഗരസഭ രജതജൂബിലി പദ്ധതിയിലുൾപ്പെടുത്തി 34കോടി രൂപ ചെലവിൽ ഒന്നാംഘട്ടം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് ആണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കൂടിയാവുകയാണ്. ടൗണിനോട് ചേർന്ന് ജൂബിലി റോഡ് നിവാസികളായ സ്ഥലമുടമകൾ നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമിച്ചിരിക്കുന്നത്.

50 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള യാര്‍ഡും, 200 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന സെല്ലാര്‍ ഫ്‌ളോറും, 53 കടമുറികളുമടങ്ങുന്ന ഫ്ലോറുമാണ് പണി പൂർടിത്തീകരിച്ചിരിക്കുന്നത്.പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടുത്തിയുള്ള ഗതാഗത പരിഷ്‌ക്കരണവും ഇതോടൊപ്പം നടപ്പാക്കി തുടങ്ങി. നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി നേരത്തെ തയ്യാറാക്കിയ ഗതാഗത ക്രമമാണ് നടപ്പാക്കുന്നത്.

നഗരസഭ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ ഉണ്ണിക്കൃഷ്ണൻ മാഷ് , അമ്പിളി മനോജ്, പി.എസ് സന്തോഷ്, ഷാൻസി നന്ദകുമാർ, വാർഡ് കൗൺസിലർമാരായ പത്തത്ത് ആരിഫ്, പച്ചീരി ഫാറൂഖ്, സലിം താമരത്ത്, ജാഫർ പത്തത്ത്, സുബ്രഹ്മണ്യൻ, മൻസൂർ നെച്ചിയിൽ, കെ.സി. ഹസീന, പി. സീനത്ത്, സക്കീന സെയ്ദ് , സാറ സലിം, ഹുസൈന നാസർ, മുണ്ടമ്മൽ ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.