ആലപ്പുഴ: ശുചിത്വ- മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ കുതിപ്പിന് കരുത്ത് പകര്‍ന്നു കൊണ്ടാണ് വൃത്തിയും ശുചിത്വവുമുളള പൊതുശുചിമുറികള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമ കേന്ദ്രങ്ങളുമാണ് നാടിന് സമര്‍പ്പിച്ചത്. ജില്ലയില്‍ ഒന്‍പത് ശുചിമുറികളാണ് ഉദ്ഘാടനം ചെയ്തത്.

വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി സംവിധാനങ്ങള്‍ ഏതൊരു സമൂഹത്തിന്റെയും അനിവാര്യതയും ആധുനിക വികസിത സമൂഹത്തിന്റെ അടയാളപ്പെടുത്തലുമാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മിച്ചിരിക്കുന്നത്. 116 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ അടക്കം എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ശുചിമുറി സമുച്ചയങ്ങളാണ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ രണ്ടു വീതവും നഗരസഭകളില്‍ അഞ്ചു വീതവും കോര്‍പ്പറേഷനുകളില്‍ എട്ടു് വീതവും ഉയര്‍ന്ന നിലവാരത്തിലുള്ള പൊതുശുചിമുറി സമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു ഏടാകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 100 ശുചിമുറികള്‍ നാടിന് സമര്‍പ്പിച്ചിരുന്നു. വിശ്രമ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല കുടുംബശ്രീ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. 150 പേര്‍ക്ക് ഉപയോഗിക്കാവുന്ന സൗകര്യങ്ങളോടുകൂടിയ അടിസ്ഥാന വിശ്രമകേന്ദ്രം, ഇതില്‍ കൂടുതല്‍ സൗകര്യമുള്ള വിശ്രമകേന്ദ്രം, ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീമിയം വിശ്രമ കേന്ദ്രം ഇങ്ങനെ മൂന്നുതരത്തിലാണ് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്.

നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പ്രാദേശികമായി ഉദ്ഘാടനം ചടങ്ങുകള്‍ നടത്തി.

അരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. പഞ്ചായത്ത് തലത്തില്‍ ശിലാഫലകം അനാഛാദനം ചെയ്തു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് ഷിഹാബുദ്ദീന്‍, അമ്പിളി ഷിബു, ബി.കെ. ഉദയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.