പാലക്കാട്: ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്റെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക സാക്ഷരതാദിനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നാളെ (സെപ്റ്റംബര്‍ എട്ട്) രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് സാക്ഷരതാ പതാക ഉയര്‍ത്തി തുടക്കമിടും.

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ലോക സാക്ഷരതാ ദിനാചരണം ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് അംഗം ടി.കെ നാരായണദാസ് സാക്ഷരതാദിന സന്ദേശം നല്‍കും. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ ആക്ഷന്‍ പ്ലാന്‍ അവതരണം നടത്തും.

പരിപാടിയോടനുബന്ധിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രദേശത്തെ മുതിര്‍ന്ന പഠിതാക്കളെയും പ്രവര്‍ത്തകരെയും അനുമോദിക്കും. സെപ്റ്റംബര്‍ 15 വരെ പ്രഭാഷണ പരമ്പരയും, സര്‍ട്ടിഫിക്കറ്റ് വിതരണവും, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ പഠിതാക്കളെ ആദരിക്കല്‍ ചടങ്ങുകളും സംഘടിപ്പിക്കും.