പാലക്കാട്: ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

  • കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയല്‍ക്കാരെയും അറിയിക്കുക.
  • വീടുകള്‍ക്കുമുന്നില്‍ പത്രങ്ങള്‍, കത്തുകള്‍ എന്നിവ കൂടി കിടക്കുന്നത് ഒഴിവാക്കുക. വീടുകളില്‍ ആരുമില്ലെന്ന സൂചന നല്‍കുന്ന സാഹചര്യം ഒഴിവാക്കുക.
  • അപരിചിതരായ വ്യക്തികള്‍ പതിവില്ലാതെ വീടുകളുടെ പരിസരത്തും പൊതു വഴികളിലൂടെയും ചുറ്റി തിരിയുന്നത് കണ്ടാല്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കുക.
  • വീടുകളുടെ പുറത്തേക്കുള്ള വാതിലുകള്‍, പ്രത്യേകിച്ചും അടുക്കള വാതിലുകള്‍, ജനലുകള്‍ എന്നിവ സുരക്ഷിതമായി അടയ്ക്കുക.
  • മഴു, കൈക്കോട്ട്, മണ്‍വെട്ടി തുടങ്ങിയ കൃഷി ആയുധങ്ങളും മൂര്‍ച്ചയേറിയ ഉപകരണങ്ങളും വീടിനുപുറത്ത് അലക്ഷ്യമായി ഇടാതിരിക്കുക.
  • രാത്രിയിലും മറ്റും അസ്വഭാവികമായ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴോ വീടിനു ചുറ്റുമുള്ള ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ മാസ്റ്റര്‍ സ്വിച്ച് സജ്ജമാക്കുക.

ഇതിന് പുറമെ സുരക്ഷാ നടപടികളുടെ ഭാഗമായി പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സെക്യൂരിറ്റിയെ നിയോഗിക്കുക, സി.സി.ടി.വി ക്യാമറകള്‍ സജ്ജമാക്കുക, അലാറം ബെല്ലുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. എ.ടി.എമ്മുകളുടെ പരിസരത്തും പൊതു വഴികളിലും പോലീസ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായും ഡി.വൈ.എസ്.പി അറിയിച്ചു.