കൊല്ലം: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തിപകര്‍ന്ന് അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് പുനലൂര്‍ നഗരസഭ. വാര്‍ഡ് അംഗങ്ങള്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ – അയല്‍ക്കൂട്ടസമിതി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംവിധാനം. മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.

പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട ടീമിന്റെ നിരീക്ഷണവും പരിശോധനയും വ്യാപകമാക്കിയതായി പ്രസിഡന്റ് എസ്. തുളസി പറഞ്ഞു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ അയല്‍പക്ക നിരീക്ഷണസമിതി രൂപീകരണത്തിന് മുന്നോടിയായി വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എന്നിവരുള്‍പ്പെട്ട യോഗം ചേര്‍ന്നതായി പ്രസിഡന്റ് വി. പി. രമാദേവി അറിയിച്ചു.

കുണ്ടറ ഗ്രാമപഞ്ചായത്തിലെ ഡി. സി. സിയില്‍ 11 രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ 1872പേര്‍ കോവിഡ് പോസിറ്റീവ് ആയി. 1733പേര്‍ രോഗമുക്തി നേടി. ഗൃഹ നിരീക്ഷണത്തില്‍ 88 പേരാണുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചതോറും അവലോകന യോഗങ്ങള്‍ ചേരു ന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് പറഞ്ഞു.

ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ നടക്കും. 9, 10 തീയതികളില്‍ എസ്. വി. എച്ച് എസ് . എസില്‍ രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെയാണ് മെഗാ വാക്‌സിനേഷന്‍ എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ പറഞ്ഞു.
മുഖത്തല ബ്ലോക്കിലെ മയ്യനാട് ഗ്രാമപഞ്ചായത്തില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വഴി 1400 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്‌മാന്‍ പറഞ്ഞു.