സമഗ്രമായ ഭിന്നശേഷി സര്‍വ്വേ നടത്തി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സാമൂഹ്യ നീതി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ . യുണീക് ഡിസബിലിറ്റി ഐഡി കാര്‍ഡ്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച കയ്യെത്തും ദൂരത്ത് എന്ന പദ്ധതിയുടെ രണ്ടണ്ടംഘട്ടത്തിന്റെ ഭാഗമായാണ് സര്‍ട്ടിഫിക്കേറ്റും ഐഡി കാര്‍ഡും വിതരണം ചെയ്തത്..പദ്ധതിയുടെ രണ്ടണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വിജയകരമായ സമാപ്തിയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലയിലും ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളും മള്‍ട്ടി സ്‌കില്‍ ട്രെയിനിംഗ് സെന്ററുകളും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്റെ യാതൊരുവിധ പിന്തുണയുമില്ലാതെ ഇത്തരമൊരു പരിപാടി വിജയകരമായി നടത്തിയ ജില്ലാ ഭരണകൂടം കേരളത്തിനു മുഴുവന്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്ന ശേഷിക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഈ പദ്ധതി നടപ്പിലാക്കിയത്, ഭിന്നശേഷി വ്യക്തികളുടെ ഉന്നമനത്തിനായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത സര്‍ക്കാര്‍ സ്ഥാപനമായ കോമ്പസിറ്റ് റീജ്യനല്‍ സെന്ററ് ഫോര്‍ പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ് (സി.ആര്‍.സി) കേരളയുടെ സഹകരണത്തോടെയാണ്.

ഭിന്ന ശേഷി വ്യക്തിയുടെ അടിസ്ഥാന രേഖകള്‍ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയാണ്. എന്നാല്‍ ഇത്തരം രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ തീര്‍ത്തും അര്‍ഹരായ ഭിന്നശേഷി വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന തിരിച്ചറിവിലാണ്, പദ്ധതിയുടെ ആദ്യപ്രവര്‍ത്തനമെന്ന നിലക്ക് ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ നേടിക്കൊടുക്കുക എന്ന ഉദ്യമം നടപ്പിലാക്കിയത്.

ജില്ലാ കളക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ആര്‍.സി കേരള ഡയറക്ടര്‍ ഡോ.കെ.എന്‍ റോഷന്‍ ബിജിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ മാരായ എ പ്രദീപ് കുമാര്‍,ഡോ.എം.കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സബ് കളക്ടര്‍ വി.വിഘ്‌നേശ്വരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ്, ഐ.പി.എം ഹോണററി ഡയറക്ടര്‍ കെ.അബ്ദുള്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.