ജില്ലയിൽ ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ ആദ്യ ഡോസ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. ഓൺലൈനായി ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ച് കൂടുതൽപേർക്ക് ലഭ്യമാക്കണം. രണ്ടാം ഡോസ് നൽകുമ്പോൾ എസ്.സി. /എസ്. ടി. കോളനികൾ ആദിവാസി മേഖലകൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകണം. ഡ്രൈവ് ത്രൂ വാക്സിൻ സംവിധാനം കിഴക്കൻ മേഖലകളിൽ കൂടി വ്യാപിപ്പിക്കണം. ആദ്യ ദിവസമായ ഇന്നലെ (സെപ്റ്റംബർ 07) 65 പേർക്ക് ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ വാക്സിൻ ലഭ്യമാക്കി. ഇന്ന് (സെപ്റ്റംബർ 08) 100 പേർക്കുകൂടി നൽകും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമാണ് ഈ സൗകര്യം- കലക്ടർ അറിയിച്ചു.

വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്തലത്തിൽ മികച്ച ഏകോപനം ആവശ്യമാണെന്നും’ ബി ദ വാരിയർ’ ക്യാമ്പയിനിലൂടെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം രാത്രി കർഫ്യു, ഞായറാഴ്ച ലോക്ഡൗൺ എന്നിവ ഒഴിവാക്കിയ സാഹചര്യത്തിൽ സ്‌ക്വാഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍,എ.ഡി.എം എന്‍.സാജിതാ ബീഗം, ഡി.എം.ഒ. ഡോ.ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.