തൃശൂര്‍ ജില്ലയുടെ വികസന രേഖ പ്രകാശനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ്. അടുത്ത അഞ്ച് വര്‍ഷം വ്യവസായ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എന്റര്‍പ്രൈസിംഗ് തൃശൂര്‍ എന്ന പേരില്‍ പ്രകാശനം ചെയ്തത്.കൂട്ടായ പ്രയത്‌നത്തിലൂടെ ജില്ലയെ ഒരു വ്യവസായ സൗഹ്യദ ജില്ലയാക്കി മാറ്റുക എന്നതാണ് അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്‍ കിടപിടിക്കാവുന്ന രീതിയില്‍ സംരംഭക മേഖലയെ പരിപോഷിപ്പിക്കുകയും കാലാനുസൃതമായ പരിഷ്‌കാരങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാണിജ്യ വ്യവസായ ശൃംഖല രൂപപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2026 ആകുമ്പോഴേക്കും വ്യവസായ സംരംഭങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും പദ്ധതിരേഖ വിഭാവനം ചെയ്യുന്നുണ്ട്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെ പ്രക്യതിയോടിണങ്ങുന്ന തരത്തിലുള്ള സംരംഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാണ് ലക്ഷ്യമിടുന്നത്. ഏകദേശം 9000 പുതിയ സംരംഭങ്ങള്‍ക്കൊപ്പം ഈ മേഖലയില്‍ 40,000 അധിക തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കും. നൂതന വ്യവസായങ്ങളോടൊപ്പം തന്നെ പരമ്പരാഗത വ്യവസായ മേഖലകളും പരിപോഷിപ്പിക്കുക. ജില്ലാ വ്യവസായ വികസന സമിതിയുടെ ശക്തിപ്പെടുത്തല്‍, വ്യവസായ സംരംഭങ്ങളുടെ ഡാറ്റാ ബേസ്, നാനോ വ്യവസായങ്ങളുടെ വ്യാപനം തുടങ്ങി വിവിധ
ലക്ഷ്യങ്ങളും പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.