സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് കേരളത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറ് ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച നൂറ് ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി ടേക്ക് എ ബ്രേക്ക് പദ്ധതി മാറി. ശുചിത്വ മുന്നേറ്റത്തില്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ഹരിത ശുചിത്വ മിഷനുകള്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ഈ കുതിപ്പിന് കരുത്ത് പകര്‍ന്നു കൊണ്ടാണ് വൃത്തിയുള്ള പൊതു ശുചി മുറികള്‍ യാഥാര്‍ഥ്യമായത്. ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 2365 ശുചി മുറി സമുച്ചയങ്ങള്‍ യാഥാര്‍ഥ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. കുടുംബശ്രീകളെയും പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. അത്യാധുനിക രീതിയിലുള്ള ശുചി മുറി സമുച്ചയങ്ങള്‍  ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൃത്തിയും ശുചിത്വവുമുള്ള പൊതു ശുചിമുറി സൗകര്യങ്ങള്‍ ആധുനിക സമൂഹത്തിന്റെ പുരോഗതിയുടെ ഭാഗമാണ്. പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും എവിടെയും സുരക്ഷിതമായി ഈ സൗകര്യം ഉപയോഗപ്പെടുത്താവും. മന്ത്രി പറഞ്ഞു.
ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ളയിടങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തരീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ 100 ശുചിമുറി സമുച്ചയങ്ങളാണ് പൂര്‍ത്തീകരിച്ചത്. കോഫി ഷോപ്പുകളോടു കൂടി  ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. 524 ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്.ജില്ലയില്‍ കരിവെള്ളൂര്‍-പെരളം, ചെറുകുന്ന്, കടന്നപ്പള്ളി-പാണപ്പുഴ, ചെറുപുഴ പഞ്ചായത്തുകളിലാണ് രണ്ടാംഘട്ടത്തില്‍ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ പൂര്‍ത്തീകരിച്ചത്.

സംസ്ഥാന തല പരിപാടിയില്‍ നവകേരളം കോ ഓഡിനേറ്റര്‍ ഡോ ടി എന്‍ സീമ, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ മിര്‍ മുഹമ്മദലി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരവ് ജയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കരിവെള്ളൂര്‍ പെരളം പഞ്ചായത്തില്‍ 25 ലക്ഷത്തോളം രൂപ ചെലവിലാണ് വഴിയിട വിശ്രമകേന്ദ്രമൊരുക്കിയത്. മൂന്ന് ശുചി മുറികള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് വിശ്രമകേന്ദ്രം പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി ഗോപാലന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ശ്യാമള, സി ബാലകൃഷ്ണന്‍, എ ഷീജ, മുന്‍ ജില്ലാ പഞ്ചായത്തംഗം പി ജാനകി ടീച്ചര്‍, സെക്രട്ടറി പി സന്തോഷ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.