ആലപ്പുഴ: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 8 ന് ഉച്ച കഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയാകും. എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല സാക്ഷരതാ ദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ ടീച്ചര്‍, എ. ശോഭ, വത്സലാ മോഹന്‍, അഡ്വ.ടി.എസ്. താഹ, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരകള്‍, തുല്യതാ പഠിതാക്കളുടെ അനുഭവസാക്ഷ്യം തുടങ്ങിയവയും സംഘടിപ്പിക്കും.