ഇടുക്കി: ലോ റേഞ്ചിലെ നിരത്തുകള്‍ കീഴടക്കിയ ഗജകേസരി കെ.എസ്.ആര്‍.ടി.സി വോള്‍വോ ലോ ഫ്ളോര്‍ ബസ് ഹൈറേഞ്ചിലെ രണ്ടാം മൈലില്‍ കൗതുക കാഴ്ചയാവുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ അടിമാലി – മൂന്നാര്‍ റോഡില്‍ രണ്ടാംമൈല്‍ വ്യൂ പോയിന്റിലാണ് കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസ് മാതൃകയിലുള്ള കോഫീ ഷോപ്പും, ടോയിലറ്റ് കോംപ്ലക്സും, വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപന പ്രശങ്ങളിലും ദേശീയ-സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടു കൂടിയ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ്. കുടുബശ്രീയുടെ നേതൃത്വത്തിലുള്ള പിങ്ക് കഫേ, ടോയ്ലറ്റ്, സാനിറ്ററി പാഡ് ഡിസ്പോസര്‍ എന്നീ സൗകര്യങ്ങളാണ് ബസിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്.

തേയില തോട്ടവും, കോടമഞ്ഞും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാവുന്ന രണ്ടാംമൈല്‍ വ്യൂ പോയിന്റില്‍ വഴിയിടം വിശ്രമകേന്ദ്രത്തിന്റെ ഭാഗമായി ഇരിപ്പിടങ്ങളും ഒരുക്കും. പ്രദേശത്തെ സൗന്ദര്യവത്കരിക്കുന്നതിനായി ഇന്റര്‍ ലോക്ക് ടൈല്‍ പാകിയും, ചെറിയ പൂന്തോട്ടം, വിശ്രമകേന്ദ്രം എന്നിവയും ഉടന്‍ തന്നെ ഇവിടെ സജ്ജമാക്കും.

ശുചിത്വത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ് ബസ് മാതൃകയില്‍ വിശ്രമ കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. സ്റ്റീല്‍, ഗ്ലാസ്, ജി.ഐ ഷീറ്റ് തുടങ്ങി ബസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. ഇടുക്കിയുടെ തനത് ഭക്ഷണ വിഭവങ്ങളായ കുമ്പിള്‍ അപ്പം, ഇല അട, ചക്ക, കപ്പ വിഭവങ്ങള്‍ക്കാകും കുടുംബശ്രീ കഫേയില്‍ പ്രാധാന്യം.

എട്ടര ലക്ഷം രൂപ മുതല്‍ ചെലവാക്കിയാണ് വഴിയിടം വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. ശുചിത്വ മിഷന്‍ നാലു ലക്ഷം രൂപയും പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് നാലര ലക്ഷം രൂപയുമാണ് ചെലവാക്കിയത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി വിശ്രമത്തിനുള്ള ഇടത്താവളവും കൗതുക കാഴ്ചയുമാകും രണ്ടാം മൈല്‍ വ്യൂ പോയിന്റിലെ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്.