തൃശ്ശൂർ: ജില്ലയിലെ എംഎൽഎമാരുമായി വ്യവസായ മന്ത്രി പി രാജീവ് കൂടിക്കാഴ്ച്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ കാർഷിക മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എം എൽ എമാർ മന്ത്രിയെ അറിയിച്ചു.വരവൂർ വ്യവസായ എസ്റ്റേറ്റ് പൂർത്തീകരണവും കെൽട്രോണിന്റെ കീഴിലുള്ള കെട്ടിടങ്ങളും സിൽകിനോട് ബന്ധപ്പെട്ടു കിടക്കുന്ന 10 ഏക്കർ ഭൂമിയുടെ വിനിയോഗവും വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനവും എ സി മൊയ്തീൻ എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കിൻഫ്രയോട് ചേർന്ന് കിടക്കുന്ന ഗവണ്മെന്റ് പ്രസ്സിന്റെ 16 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന വിഷയവും ബാംബൂ കോർപറേഷന് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫ് മന്ത്രിയെ അറിയിച്ചു. തകർച്ചയിലുള്ള ഓട് വ്യവസായവും ആഭരണ നിർമാണ വ്യവസായ മേഖലയുടെയും സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ലക്ഷ്മി മിൽ, സീതാറാം മിൽ എന്നിവയുടെ വികസനം, നിർമാണ തൊഴിൽ മേഖലയെ പുനരുജ്ജീവിപ്പിക്കുക, തൃശൂർ മേഖലയിൽ ഫർണിച്ചർ വ്യവസായത്തിന്റെ പുനരുജ്ജീവനം എന്നിവയും തൃശൂർ മണ്ഡലത്തിലെ ആവശ്യങ്ങളായി എം എൽ എ പി ബാലചന്ദ്രൻ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന വ്യവസായ സ്ഥാപനമായ എസ് ഐഎഫ്എല്ലിൻ്റെ ആധുനികവൽക്കരണവും മറ്റ് പ്രധാന വികസന മേഖലകളും വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി മുന്നോട്ടുവെച്ചു.

വ്യവസായ ഇടനാഴിയിൽ തൃശൂർ ജില്ലയുടെ പ്രതിനിധ്യം ഉറപ്പാക്കാനുള്ള ആവശ്യങ്ങളും
പരമ്പരാഗത വ്യവസായമായ ഓട് വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഇടപെടണമെന്നും പൊതുമേഖലയിലേക്ക് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ ഖനനം നടത്തുമ്പോൾ ലഭിക്കുന്ന കളിമണ്ണ് ടെൻഡറിന് വിധേയമായി അനുവദിക്കണമെന്നും പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ മന്ത്രിയെ അറിയിച്ചു.

പരമ്പരാഗത വ്യവസായമായ കൈതോല വ്യവസായത്തിന്റെ വികസനത്തിന് വ്യവസായ വകുപ്പിൻ്റെ സഹായം ലഭ്യമാക്കൽ, ശ്രീനാരായണപുരം ഇൻഡസ്ട്രിയൽ പാർക്ക്, ഫിഷറീസ് വ്യവസായ വികസനം എന്നീ ആവശ്യങ്ങൾ കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ മുന്നോട്ടുവെച്ചു.

മണലൂരിൽ കാര്യമായ വ്യവസായങ്ങൾ ഇല്ലാത്തതിനാലും ഭൂരിപക്ഷം ആളുകളും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും കാർഷികാധിഷ്ഠിത വ്യവസായത്തിന് പ്രാധാന്യം നൽകുന്നതിനായി ചേലക്കര റൈസ് മില്ലിൻ്റെ ആധുനികവൽക്കരണത്തിന് അർഹമായ പ്രാധാന്യം നൽകണമെന്ന് എം എൽ എ മുരളി പെരുനെല്ലി അറിയിച്ചു. മത്സ്യ മേഖലയെ സംരക്ഷിക്കുന്നതിന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്വർണ വ്യാപാര മേഖലയിലെ ജി എസ് ടിയുമായി ബന്ധപ്പെട്ട് അനുകൂല നടപടികൾ സ്വീകരിക്കണമെന്നും നാട്ടിക എം എൽ എ സി സി മുകുന്ദൻ ആവശ്യപ്പെട്ടു.

ചെത്തുതൊഴിലാളി മേഖലയിൽ പുതിയ തൊഴിൽ സംരംഭം കണ്ടെത്തി വ്യവസായ മേഖലയിൽ ഉൾപ്പെടുത്തുക,കോൾ കൃഷി മേഖലയെ സംരക്ഷിച്ച് നെല്ലിന്റെ മൂല്യ വർധിത ഉൽപന്നങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

വരവൂർ, പുഴയ്ക്കൽ പാടം എന്നീ വ്യവസായ എസ്റ്റേറ്റുകൾ സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എം എൽ എമാർ ഉന്നയിച്ച ആവശ്യങ്ങൾ സംയുക്ത പരിശ്രമ ഫലമായി നടപ്പിലാക്കാൻ ശ്രമിക്കാമെന്നും മന്ത്രി അറിയിച്ചു. സിൽക്കിന്റെ ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കും. ജില്ലയിൽ ഒഴിവുള്ള ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്ന തുടർ നടപടികൾ സ്വീകരിക്കും.

എം എസ് എം ഇ മേഖലയിൽ ജില്ല നല്ല പ്രകടനമാണ് ഈ മൂന്ന് മാസത്തിനുള്ളിൽ കാഴ്ച വച്ചിട്ടുള്ളതെന്നും സംയുക്ത പ്രവർത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എം എൽ എ മാർക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എംഡി എം ജി രാജാമണിക്യം, കിൻഫ്ര പാർക്ക് എം ഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.