തൃശ്ശൂർ: വ്യവസായ രംഗത്തെ പ്രമുഖരുടെയും സംരംഭകരുടെയും പരാതികളും ആശങ്കകളും നേരിട്ട് കേള്‍ക്കുന്നതിനായി അവരുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വ്യവസായികളുമായി ചർച്ച നടത്തിയത്.

തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി വ്യവസായികൾ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. സംരംഭകർക്ക് എതിരെ വരുന്ന പരാതികളിൽ മതിയായ അന്വേഷണത്തിന് ശേഷം മാത്രം നടപടി എടുക്കുന്നതാണ് സർക്കാർ നയം എന്ന് ഈ വിഷയത്തിൽ ആശങ്ക അറിയിച്ച വ്യവസായികൾക്ക് മന്ത്രി ഉറപ്പ് നൽകി.

ദക്ഷിണേന്ത്യയിൽ ഏറ്റവും കാര്യക്ഷമമായ ഏകജാലക സംവിധാനമാണ് കേരളത്തിൽ നിലവിലുള്ളതെന്നും സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നോക്കുകൂലി തൊഴിൽ തർക്കമായല്ല,നിയമ വിരുദ്ധ പ്രവൃത്തിയായി കാണുന്നതാണ് നയമെന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ വ്യവസായ മന്ത്രി ഓർമിപ്പിച്ചു. എല്ലാ തൊഴിലാളി സംഘടനകൾക്കും നോക്കുകൂലി വിഷയത്തിൽ സമാന അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ രംഗത്ത് കേന്ദ്രസർക്കാരിന്റെ പരമാവധി പിന്തുണ ലഭിക്കാൻ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി വ്യവസായികളോട് ആവശ്യപ്പെട്ടു. കേരളത്തിൽ ജനിച്ചു വളർന്ന് വ്യവസായം ചെയ്ത് വിജയിച്ച വ്യക്തി എന്ന നിലയിൽ വലിയ തൊഴിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് കല്യാൺ ഗ്രൂപ്പ് ഉടമ പട്ടാഭിരാമൻ യോഗത്തിൽ പറഞ്ഞു.

സംരംഭകരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പരാതികളും നിർദ്ദേശങ്ങളും കേൾക്കുന്ന ഒരു വ്യവസായ മന്ത്രിയെ ആദ്യമായി അഭിമുഖീകരിക്കുകയാണെന്ന് പല സംരംഭകരും അഭിപ്രായപ്പെട്ടു. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എംഡി എം ജി രാജാമണിക്യം, കിൻഫ്ര പാർക്ക് എം ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.