കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച ‘ബി ദി വാരിയര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കിന് നല്‍കി നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിരോധത്തിന് പൊതുജന പങ്കാളിത്തമുറപ്പുവരുത്താനും പ്രതിരോധ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും ആളുകളെ ബോധവല്‍കരിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

യഥാസമയം വാക്സിന്‍ സ്വീകരിച്ച് , എസ്.എം.എസ് (സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം) കൃത്യമായി പാലിച്ച്, ആധികാരികമായ സന്ദേശങ്ങള്‍ മാത്രം കൈമാറി കൊവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ’ എന്നതാണ് ക്യാമ്പയിനിന്റെ മുദ്രാവാക്യം. മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ശരിയായ അവബോധവും ക്യാമ്പയിനിലൂടെ നല്‍കും.

ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. എം പ്രീത, ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍ , ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഋഷി ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ടിബി ആന്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ജി അശ്വിന്‍, എന്‍ എച്ച് എം ജൂനിയര്‍ കസല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.