കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പത്തനംതിട്ട: നൂറുദിന കര്‍മ്മപദ്ധതിയില്‍ 70 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം വേങ്ങല്‍ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 195 പദ്ധതികളാണ് നൂറുദിന കര്‍മ്മ പദ്ധതിയിലുള്ളത്. അവയില്‍ 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സര്‍ക്കാരാണെന്നതിന്റെ തെളിവാണിത്.
സുസ്ഥിരവും വികസിതവും എല്ലാ ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതുമായ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്‍കിയ ജനങ്ങളുടെ നടപടി അഭിനന്ദനാര്‍ഹമാണ്. നാടിന്റെ വികസനത്തിനു മാറ്റുകൂട്ടാന്‍ ഭൂമി നല്‍കിയ ജനങ്ങള്‍ തന്നെയാണ് വികസനത്തിന്റെ അമരക്കാര്‍. തിരുവല്ല നിയോജകമണ്ഡലത്തിലെ റോഡ് വികസനത്തില്‍ സുപ്രധാന നേട്ടമാണ് കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ്. തിരുവല്ല ബൈപ്പാസിനു പിന്നാലെ വളരെ പ്രധാന റോഡായ കാവുംഭാഗം-ഇടിഞ്ഞില്ലം പൂര്‍ത്തിയായതോടെ ഗതാഗത രംഗത്ത് വലിയ വികസനമാണ് യാഥാര്‍ഥ്യമായത്. കോവിഡ് മഹാമാരി ജീവനേയും ജീവനോപാധിയേയും പിടിമുറുക്കിയിരിക്കുന്ന ഈ കാലത്തും ജനോപകാരപ്രദമായ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് സര്‍ക്കാര്‍ നയം.
ജനങ്ങളോടുള്ള കരുതലിനോടൊം നാടിന്റെ വികസനത്തിന് ആക്കം കൂട്ടുകയുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറാം നമ്പര്‍ സംസ്ഥാന പാതയായ കായംകുളം – തിരുവല്ല റോഡിലെ കാവുംഭാഗം ജംഗ്ഷനേയും ഒന്നാം നമ്പര്‍ സംസ്ഥാന പാതയായ എം.സി റോഡിലെ ഇടിഞ്ഞില്ലം ജംഗ്ഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പ്രധാന ജില്ലാ പാതയായ കാവുംഭാഗം- ഇടിഞ്ഞില്ലം റോഡ്. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് 2016-17 ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അഞ്ചു കിലോമീറ്റര്‍ വരുന്ന കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് 16.83 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
അപ്പര്‍ കുട്ടനാട്ടിലെ പാട ശേഖരങ്ങളുടെ നടുവിലൂടെ കടന്നു പോകുന്ന ഈ റോഡ് 5.5 മീറ്റര്‍ വീതിയിലാണ് ഡിജിബിഎം ആന്‍ഡ് ബിസി ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2392 മീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. 150 മില്ലിമീറ്റര്‍ കനത്തില്‍ ജിഎസ്ബിയും 250 മില്ലിമീറ്റര്‍ കനത്തില്‍ ഡബ്ല്യുഎംഎമ്മും വിരിച്ച് റോഡ് പ്രതലം ഉയര്‍ത്തി 50 മില്ലിമീറ്റര്‍ ഡിജിബിഎമ്മും 30 മില്ലിമീറ്റര്‍ ബിസിയും ചെയ്തിട്ടുണ്ട്. 2800 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണത്തില്‍ ഷ്രെഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 4000 മീറ്റര്‍ നീളത്തില്‍ ഓട നിര്‍മിച്ചു. റോഡിന്റെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ 1200 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണത്തില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡ്, റോഡ് സ്റ്റഡ്സ് എന്നിവയും സ്ഥാപിച്ചു. കൂടാതെ 30 മീറ്റര്‍ സ്പാനുള്ള ഇടിഞ്ഞില്ലം പാലം 11 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചു. ചങ്ങനാശേരി പാലത്ര കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് റോഡ് നിര്‍മാണം നടത്തിയത്.
കോവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ,
പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചിലില്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.