മക്കള്‍ക്കൊപ്പം മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടി പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ഓണ്‍ലൈന്‍ പഠനത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യവും കരുതലും ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള രക്ഷകര്‍ത്തൃവിദ്യാഭ്യാസ പരിപാടി സംസ്ഥാനത്ത് ആദ്യം പൂര്‍ത്തീകരിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിച്ചത്.

ഓഗസ്റ്റ് ആറു മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 987 ബാച്ചുകളിലായി 66168 രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തു. ജില്ലയിലെ ആകെയുള്ള 688 വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ 74 ശതമാനം പേര്‍ ക്ലാസുകളില്‍ ഹാജരായതായി കണക്കാക്കപ്പെടുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്‍മാരാക്കുന്നതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മക്കള്‍ക്കൊപ്പം പദ്ധതി മാതൃകാപരമാണെന്ന് സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന്റെ ഇക്കാലത്ത് രക്ഷകര്‍ത്താക്കള്‍ക്ക് മൊബൈല്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ തുടങ്ങിയ നൂതന പഠന രീതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മനസിലാക്കി നല്‍കാന്‍ മക്കള്‍ക്കൊപ്പം ക്യാമ്പയിനിലൂടെ കഴിഞ്ഞു. പത്തനംതിട്ട ജില്ലയുടെ സമൂലമാറ്റത്തിന് ശാസ്ത്രീയവും, ബൃഹത്തായതുമായ കര്‍മ്മ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തില്‍ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, എസ്എസ്‌കെ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. പ്രകാശ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. സുധ, ജനറല്‍ കണ്‍വീനര്‍ ഡോ. ആര്‍. വിജയമോഹന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി സി. സത്യദാസ്, അധ്യാപകരായ ജി. ശ്രീലക്ഷ്മി, ബിനു കെ. സാം, രക്ഷിതാവ് പ്രശാന്ത്, കെ.ജി. റെജീന എന്നിവര്‍ സംസാരിച്ചു.