കോഴിക്കോട്: നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന വിവിധ വകപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ വവ്വാലുകളെക്കുറിച്ച് തെറ്റിദ്ധാരണ പടരുന്നതായി യോഗത്തില്‍ വിലയിരുത്തി. വവ്വാലുകള്‍ ഉള്‍പ്പെടെ ഒരു ജീവികളെയും ശല്യപ്പെടുത്താതിരിക്കുന്നതാണ് സുരക്ഷിത മാര്‍ഗമെന്ന് യോഗം ചൂണ്ടിക്കാണിച്ചു. പക്ഷികള്‍ ഉപേക്ഷിച്ചതും നിലത്ത് വീണുകിടക്കുന്നതുമായ പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കരുത്. തിളപ്പിച്ച വെള്ളം, കുടിക്കാന്‍ ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. നാട്ടില്‍ സാധാരണയായി കാണുന്ന കടവാവലുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ ഇനം വവ്വാലുകള്‍ നിപ വൈറസ് വാഹകരല്ല.
നിപ രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ജില്ല സജ്ജമാണ്. പൊതു , സ്വകാര്യ ആശുപത്രികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കും. ആ വ ശ്യം വന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡ് സജ്ജമാക്കാനുള്ള പദ്ധതി അധികൃതര്‍ തയ്യാറാക്കും. ആലുവ ജില്ലാ ആശുപത്രിയില്‍ പ്രത്യേക തീവ്രപരിചരണ വിഭാഗം വേണ്ടിവന്നാല്‍ ക്രമീകരിക്കും. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ സാംപിള്‍ ശേഖരണത്തിനായി സൗകര്യം ഒരുക്കും.