വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന നടപ്പിലാക്കുന്ന പാലിന് സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പ്രദീപന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 22 ക്ഷീരസംഘങ്ങളിലായി പാല്‍ അളക്കുന്ന 5000 കര്‍ഷകര്‍ക്ക് 62 ലക്ഷം രൂപ കൈമാറിയതായി പ്രസിഡന്റ് അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 1 രൂപ നിരക്കിലാണ് തുക കൈമാറിയത്. ബ്ലോക്ക് ക്ഷിരവികസന ഓഫിസര്‍ നിഷാദ് വി.കെ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങില്‍ നല്ലൂര്‍നാട് ക്ഷീരസംഘം മെമ്പര്‍മാരുടെ മക്കളില്‍ നിന്നും മികച്ച വിജയം നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്‍ കെ.വി വിജോള്‍, ബ്ലോക്ക് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, എടവക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ എന്നിവര്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷറഫുന്നിസ, ലിസി ജോണി, നല്ലൂര്‍നാട് ക്ഷീരസംഘം ഡയറക്ടര്‍ എ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.