തൃശ്ശൂർ: അക്ഷരവും അറിവും കൂടിച്ചേരുന്ന സംസ്ക്കാരം ഉണ്ടാകുമ്പോഴാണ് ഒരു നാടിൻ്റെ വികസനം പൂർണമാകുന്നതെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. മറിച്ച് വികസം പൂർണമാകുന്നത് നിർമാണ പ്രവർത്തികളിലൂടെ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സാക്ഷരതാ ദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡൻ്റ.

സാക്ഷരതാ മിഷൻ്റെ കീഴിൽ തുല്യതാ പരീക്ഷയെഴുതിയ മുതിർന്ന പഠിതാക്കളെ ചടങ്ങിൽ ആദരിച്ചു. 10-ാം തരം തുല്യതാ പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്ന 72 വയസ്സുള്ള കെ ഒ റോസിയെയും പ്ലസ് ടു പരീക്ഷയെഴുതിയ 69 വയസ്സുള്ള പി കെ മുഹമ്മദിനെയുമാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് – മുൻസിപ്പാലിറ്റി തലത്തിൽ താഴെത്തട്ടിൽ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 60 വയസ് പൂർത്തീകരിച്ച് വിരമിക്കുന്ന  7  പ്രേരക്മാരെയും ചടങ്ങിൽ ആദരിച്ചു.

തുടര്‍ന്ന്  ജില്ലയിലെ ഭാഷാ കോഴ്സ്  സര്‍ട്ടിഫിക്കറ്റ്, പാഠപുസ്തക വിതരണം എന്നിവ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍ നിര്‍വഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ വി വല്ലഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ ആര്‍ അജിത്കുമാര്‍ നന്ദിയും പറഞ്ഞു.