ആലപ്പുഴ: റവന്യൂ സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 93 വില്ലേജ് ഓഫീസുകളും ഡിജിറ്റലാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഉദ്ഘാടനം 2021 സെപ്റ്റംബർ 9 രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1666 വില്ലേജുകൾക്കും പ്രത്യേകം ഔദ്യോഗിക വെബ് സൈറ്റുകൾ തയാറാക്കിയിട്ടുണ്ട്. ഭൂനികുതി അടയ്ക്കുന്നതിനായി മൊബൈൽ അപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. റവന്യൂ തലത്തിലെ എല്ലാ സേവനങ്ങൾക്കുമായി സമ്പൂർണ പോർട്ടലും ആരംഭിക്കും.

സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, തണ്ടപ്പേർ രജിസ്റ്റർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരണം, നവീകരിച്ച ഇ- പെയ്‌മെന്റ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നീ സേവനങ്ങൾ സമ്പൂർണ പോർട്ടൽ വഴി ലഭിക്കും. www.revenue.kerala.gov.in എന്ന പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾക്കായി അപേക്ഷിക്കാം.

സമ്പൂർണ്ണ പോർട്ടൽ ആരംഭിക്കുന്നതോടെ എല്ലാ ഭൂമി വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വില്ലേജ് ഓഫീസിൽ പോകാതെ റവന്യൂ സേവനങ്ങൾ വീട്ടിലിരുന്ന് ലഭ്യമാകും.