ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബർ ഒൻപത് ജില്ലയിൽ എത്തും. രാവിലെ പത്തിന് കല്ലുപാലത്തിനു സമീപം ചുങ്കത്തുളള കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനി ഹാളിൽ നടക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ സംരംഭകരുടെ പരാതികളും പ്രശ്നങ്ങളും മന്ത്രി നേരിട്ട് കേൾക്കും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് പരിപാടി. വൈകിട്ട് നാലിന് റമദ ഹോട്ടലിൽ കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിൽ വ്യവസായ സംരംഭകരുമായി സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിലും മന്ത്രി പങ്കെടുക്കും.
ഇന്നലെ (സെപ്റ്റംബർ എട്ട്) ഉച്ചവരെ 53 അപേക്ഷകളാണ് ലഭിച്ചത്. കെ.എസ്.ഐ.ഡി.സി., വ്യവസായ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥലം സംബന്ധിച്ച പരാതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പരിഹരിക്കേണ്ട പരാതികൾ എന്നിവയാണ് പ്രധാനമായും ലഭിച്ചത്. വൈദ്യുതി വകുപ്പ്, ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിച്ചവർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.