ഇടുക്കി: സംസ്ഥാനത്ത് നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്‍ത്തുപക്ഷിമൃഗാദികളില്‍ കാണപ്പെട്ടാല്‍ അടുത്തുളള മൃഗാശുപത്രിയില്‍ അറിയിയ്ക്കുക.പ്രത്യേകിച്ച് മസ്തിഷ്‌ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍.അസ്വഭാവിക മരണം ശ്രദ്ധയില്‍പ്പെട്ടാലും അറിയിക്കണം.

ഫാമിനകവും പരിസരവും കൂടുതല്‍ ശുചിയായി സൂക്ഷിയ്ക്കണം, ആയതിന് ബ്ലീച്ചിങ് പൌഡര്‍, കുമ്മായം,അലക്കുകാരം തുടങ്ങിയവ ഉപയോഗിക്കാം.വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിയ്‌ക്കേണ്ടതാണ്.വവ്വാലുകള്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്ന കായ്കനികളും പഴവര്‍ഗ്ഗങ്ങളും കന്നുകാലികള്‍ക്ക് നല്‍കരുത്.വവ്വാലും മറ്റു പക്ഷികളും ഫാമുകള്‍ക്കുളളില്‍ പ്രവേശയ്ക്കുന്നത് തടയുന്നതിന് ആവശ്യമായ നെറ്റ് ഉപയോഗിക്കുക.

മൃഗങ്ങളെ പാര്‍പ്പിക്കുന്ന ഷെഡുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അണുനാശിനി കലര്‍ത്തിയ ഫൂട്ട് ഡിപ്പ് ക്രമീകരിക്കുക.രോഗലക്ഷണങ്ങളുളള സ്ഥലങ്ങളില്‍ നിന്ന് പക്ഷിമൃഗാദികളെ വാങ്ങുന്നത് ഒഴിവാക്കുക.കേരളത്തില്‍ വളര്‍ത്തുമൃഗാദികളിലോ പക്ഷികളിലോ നിപ രോഗം ഉണ്ടാവുകയോ അവരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുകയോ ചെയ്ത ആധികാരികമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്ന വിവരത്തിന്റെ അടി്സ്ഥാനത്തില്‍ കര്‍ഷകര്‍ പരിഭ്രമിയ്‌ക്കേണ്ട ആവശ്യമില്ല.