കാസർഗോഡ്: സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം. കുസും യോജനയിലേക്ക് അപേക്ഷിക്കാം. കൃഷിക്കാര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള തരിശായതോ കൃഷിക്ക് യോഗ്യമല്ലാത്തതോ ആയ രണ്ട് മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള ഭൂമി സൗരോര്‍ജ നിലയത്തിന് ഉപയോഗപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിലൂടെ അവസരം ലഭിക്കും.

രണ്ട് മോഡലുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മോഡല്‍ 1: മുതല്‍ മുടക്ക് പൂര്‍ണമായും കര്‍ഷകന്റേത്. കര്‍ഷകര്‍ക്ക് സ്വന്തം ചിലവില്‍ സൗരോര്‍ജ നിലയങ്ങള്‍ സമയബന്ധിതമായി നിര്‍മ്മിച്ച് അതില്‍ നിന്ന് ലഭിക്കുന്ന സൗരോര്‍ജം ഒരു യൂണിറ്റിന് 3.50 രൂപ വരെ നിരക്കില്‍ കെ.എസ്.ഇ. ബിക്ക് വില്‍ക്കാം.

മോഡല്‍ 2: മുതല്‍മുടക്ക് കെ.എസ്.ഇ.ബി വഹിക്കും. കര്‍ഷകരുടെ കൃഷിക്ക് യോഗ്യമല്ലാത്തതോ തരിശായതോ ആയ ഭൂമിയില്‍ കെ.എസ്.ഇ.ബി സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 10 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥല വാടക നല്‍കും.

കൃഷിക്കാര്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി മുന്‍കൂട്ടി നിശ്ചയിച്ച താരിഫ് പ്രകാരമോ ടെന്‍ഡര്‍ വഴി നിശ്ചയിക്കുന്ന താരിഫ് പ്രകാരമോ കെ.എസ്.ഇ.ബി വാങ്ങുന്നതാണ്. 3.5 മുതല്‍ നാല് ഏക്കര്‍ സ്ഥലമാണ് ഒരു മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യം. പദ്ധതി പ്രകാരം സ്ഥലം നല്‍കിയാല്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും 25000 രൂപ വരെ പ്രതിവര്‍ഷം കര്‍ഷകന് സ്ഥലവാടക ഇനത്തില്‍ ലഭിക്കും.

കര്‍ഷകര്‍ക്ക് സ്വന്തം നിലയ്‌ക്കോ കൂട്ടമായോ സഹകരണ സംഘമായോ പഞ്ചായത്ത്/ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍/വാട്ടര്‍ യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയുടെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍: 9446008345, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍: 9496018443, അസിസ്റ്റന്റ് എന്‍ജിനീയര്‍: 9496011431, അസിസ്റ്റന്റ് എന്‍ജിനീയര്‍: 9526906341