കാല്‍ നൂറ്റാണ്ടായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ പട്ടയം ലഭിച്ച സന്തോഷത്തിലാണ് കുമാരമംഗലം ഏഴല്ലൂര്‍ കല്ലോലി ഭാഗം തോപ്പില്‍ ഷാജഹാന്‍ സെയ്ദ് മുഹമ്മദ്. 25 വര്‍ഷം മുമ്പാണ് ഏഴല്ലൂര്‍ വനത്തോട് ചേര്‍ന്ന കല്ലോലി ഭാഗത്ത് ഷാജഹാന്‍ അഞ്ച് സെന്റ് ഭൂമി വാങ്ങിയത്. അന്ന് മുതല്‍ പട്ടയത്തിനായുള്ള ശ്രമവും തൂടങ്ങി. തൊടുപുഴ താലൂക്ക് ഓഫീസിലും ഇടുക്കി കളക്ടറേറ്റിലുമൊക്കെ അപേക്ഷ നല്‍കിയിരുന്നതായി ഷാജഹാന്‍ പറഞ്ഞു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയ നടപടി പൂര്‍ത്തിയായില്ല. ഇതിനിടെയാണ് രണ്ട് വര്‍ഷം മുമ്പ് വീണ്ടും അപേക്ഷ നല്‍കിയത്. പട്ടയ വിതരണ നടപടികള്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഭൂമി അളക്കുകയും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വന്തമായുള്ള അഞ്ച് സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നത്. പട്ടയം ലഭ്യമാക്കിയ സര്‍ക്കാരിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു.
