മലപ്പുറം: ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരില്‍ മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ചീഫ് ഓഫീസര്‍ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീടും പരിസരവും റമ്പൂട്ടാന്‍ മരം സ്ഥിതി ചെയ്യുന്ന സ്ഥലവും സന്ദര്‍ശിച്ചു.
വവ്വാലുകള്‍ കഴിച്ച് താഴെ വീണ അടക്കയുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. റമ്പൂട്ടന്‍ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതക്കരികില്‍ കന്നുകാലികളെ മേയ്ക്കുന്നതും മീന്‍ പിടിക്കുന്നതും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിപര സ്ഥിരീകരിച്ചതോടെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. ക്ഷീരകര്‍ഷകര്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാതെ ഒഴുക്കികളയുകയായിരുന്നു. പാല്‍ അളക്കാനും ഇത് ആര്‍ആര്‍ടി വളണ്ടിയര്‍മാരെ ഉപയോഗിച്ച് ക്ഷീര സഹകരണ സംഘത്തിലും വീടുകളിലും എത്തിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തി.
നിപ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് പോസ്റ്ററുകള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അധികൃതര്‍ പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.രമാദേവി, ഡോ.സ്വപ്ന സൂസന്‍ എബ്രഹാം, ഡോ.എസ്.നന്ദകുമാര്‍, ഡോ.കെ.കെ.ബേബി എന്നിവരും സംഘത്തിലുണ്ടായിരുന്നു.