തൃശ്ശൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സംസ്ഥാനത്തെ പത്താമത്തെ കമ്യൂണിറ്റി സ്കിൽ പാർക്കിൻ്റെ നിർമാണം നവംബറോടെ പൂർത്തിയാവും. ജില്ലയിൽ കുന്നംകുളത്തെയാണ് അസാപ് സ്കിൽ പാർക്കിനായി തിരഞ്ഞെടുത്തത്.

വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യത്തിനും അവസരമൊരുക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്ക് എ ഡി ബി യുടെ സാമ്പത്തിക സഹായത്തോടെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി ഗ്രൗണ്ടിലെ ഒരേക്കറിലാണ് പൂർത്തിയാവുന്നത്. 14 കോടി രൂപയാണ് നിർമാണ ചെലവ്. കുന്നംകുളം ഗവ. പോളിടെക്നിക് കോളജിൽ പ്രവർത്തിച്ചിരുന്ന അസാപ് താൽക്കാലിക കേന്ദ്രത്തിൽ നിന്നും വിദേശഭാഷാ പരിശീലനം രണ്ടു ബാച്ചുകൾക്ക് നൽകിക്കഴിഞ്ഞു.

ജർമൻ, ജാപ്പനീസ് ഭാഷാ കോഴ്സുകളിലായി 62 കുട്ടികൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പുതിയ ജാപ്പനീസ് കോഴ്സിൽ 27 വിദ്യർത്ഥികളെ ഉൾപ്പെടുത്തി പരിശീലനം തുടങ്ങി. ആരോഗ്യ മേഖലയിലെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഫാർമ ബിസിനസ് അനലിറ്റിക്സ് കോഴ്സിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.

ജില്ലാ കളക്ടർ, പ്രാദേശിക ജനപ്രതിനിധി, വ്യാവസായിക വിദഗ്ധൻ, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപന മേധാവി, അസാപ് മേധാവികൾ അടങ്ങുന്ന ഗവേണിങ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക വഴി പുതിയ തലമുറയുടെ തൊഴിൽക്ഷമത ഉറപ്പാക്കി, അതുവഴി തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് അസാപിന്റെ മുഖ്യലക്ഷ്യം. 3 നിലകളിലായി 29000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം.  വാക്വം ഡീവാറ്റേർഡ് ഫ്ലോറിങും മതിയായ വ്യാവസായിക സോക്കറ്റുകളും ഗ്യാസ്, വാട്ടർ കണക്ഷൻ,  ഹെവി മെഷിനറി റൂമുകൾ എന്നിവ കെട്ടിടത്തിൻ്റെ പ്രത്യേകതയാണ്.

സംസ്കരണം, ഗ്യാസ്, വെള്ളം, വ്യാവസായിക സോക്കറ്റുകൾ എന്നിവയുള്ള കൃത്യമായ മുറികളും ഉണ്ടാകും. തിയറി ക്ലാസുകൾക്കായി തയ്യാറാക്കുന്ന 5 ക്ലാസ് മുറികളിൽ 2 ക്ലാസുകളിൽ വെള്ളവും ഡ്രെയിനേജ് സൗകര്യവും ഉണ്ട്. ചില നൈപുണ്യ കോഴ്സുകൾക്ക് ഇത്തരം സംവിധാനം വേണമെന്നതിനാലാണിത്. ലൈബ്രറി റൂം കമ്പ്യൂട്ടർ ലാബിനായി 30 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന മുറിയും ഉണ്ട്. മൂന്ന് നിലകളിലും ടോയ്‌ലറ്റ് ഉണ്ട്. ജനറേറ്റർ, 13 പേരെ ഉൾക്കൊള്ളുന്ന പാസഞ്ചർ ലിഫ്റ്റുകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യം എന്നിവയുമുണ്ടാകും.

75000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ മഴവെള്ള സംഭരണിയും 10000 ലിറ്റർ ശേഷിയുള്ള ശുദ്ധജല സംഭരണിയും 15000 ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക്, അഗ്നി ശമന സംവിധാനങ്ങൾ എന്നിവയും ഉണ്ടാകും. മീറ്റിങ്ങുകൾ, ഓറിയന്റേഷൻ എന്നിവയ്ക്കായി ഏകദേശം 150 പേരെ ഉൾക്കൊള്ളാവുന്ന സൗകര്യവും ഒരുക്കും. മികച്ച കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്കിൽ പാർക്കുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ 21.7 ശതമാനവും നഗരപ്രദേശങ്ങളിൽ 18 ശതമാനവുമാണ്. ദേശീയ ശരാശരിയായ 10 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ നിരക്ക് വളരെ ഉയർന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ദേശീയ അന്തർ ദേശീയ തലത്തിൽ മികച്ച വ്യവസായ പ്രമുഖരുമായി സഹകരിച്ച് സംസ്ഥാനത്തെ യുവാക്കൾക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി അസാപ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു നൂതനപദ്ധതിയാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ.