ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പുതുതായി നിര്‍മ്മിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുതിയ ഓഫീസ് കെട്ടിടം. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കെട്ടിടം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 2018 ജൂലൈ 30ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി കടമ്പകള്‍ കടന്നാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വകുപ്പിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. നിലവില്‍ സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം.

2014ലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി ലഭിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഇരുനില മന്ദിരത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. 50 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ ആകെ നിര്‍മ്മാണ ചെലവ്. അടുത്ത ഘട്ടത്തില്‍ മുകളിലത്തെ നിലയുടെ നിര്‍മ്മാണത്തിനായി മുന്‍ മന്ത്രി ജി. സുധാകരന്‍ അദ്ദേഹത്തിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും വകയിരുത്തി നല്‍കിയിട്ടുണ്ട്. ഈ തുക വിനിയോഗിച്ച്് 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് മുറി, വായനാ മുറി, സ്റ്റോര്‍ റും, ശുചിമുറി എന്നീ സൗകര്യങ്ങളുമൊരുക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫോട്ടോഗ്രാഫര്‍, ക്ലാര്‍ക്ക്, സിനിമ ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിങ്ങനെ ഒന്‍പത് ജീവനക്കാരാണുള്ളത്.