ആലപ്പുഴ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിംഗ്/ പ്ലംബിങ്/ സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ ധനസഹായമായി നല്‍കും.

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്‍. കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും.

സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനു മുന്‍പ് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണ ധനസഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021- 22 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ല കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷാഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍: 0477- 2251676, 2252580.