പാലക്കാട്‌: പട്ടാമ്പിയില്‍ റവന്യൂ ടവര്‍ നിര്‍മാണത്തിന് 36.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഓഫീസുകള്‍ ഒരുമിച്ചാക്കുന്ന പദ്ധതിയാണിത്. പട്ടാമ്പി നഗരസഭ സൗജന്യമായി നല്‍കിയ 50.54 സെന്റ് സ്ഥലത്ത് 10 നിലകളിലായി 8883.37 ച.മീ വിസ്തീര്‍ണത്തിലാണ് ടവര്‍ നിര്‍മിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു 100 ദിവസങ്ങള്‍ക്കുള്ളിലാണ് ഡി.പി.ആര്‍ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കിയത്. റവന്യൂ മന്ത്രി കെ.രാജന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ഓഗസ്റ്റ് 13 ന് മുമ്പ് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കണമെന്ന് ഹൗസിംഗ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൗസിംഗ് ബോര്‍ഡ് പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ഡി.പി.ആര്‍ തയ്യാറാകുകയും ചെയ്തു.  മന്ത്രിയുടെ മേല്‍നോട്ടത്തില്‍ വളരെ വേഗത്തിലാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.