മലപ്പുറം :സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 പട്ടയങ്ങള്‍ വിതരണം ചെയ്യും. ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. സെപ്തംബര്‍ 14ന് ജില്ലയില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും പട്ടയ വിതരണ പരിപാടി സംഘടിപ്പിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് നടക്കുന്ന പട്ടയ വിതരണ പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് സാഹചര്യമായതിനാല്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും 20 ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് പരിപാടിയില്‍ പട്ടയം നല്‍കുക. സെപ്തംബര്‍ 14ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന തല പട്ടയ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ കെ.രാജന്‍ അധ്യക്ഷനാകും. സംസ്ഥാനത്ത് 13,500 ഓളം പട്ടയങ്ങളാണ് സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി അനുവദിക്കുക.
