കാക്കനാട്: കാത്തിരിപ്പിന് വർഷങ്ങൾ പഴക്കമുണ്ട്. എത്രയെന്ന് എണ്ണിയിട്ടില്ല. തലമുറകളായി തുടരുകയായിരുന്നു. ആകെയുള്ള മൂന്നേമുക്കാൽ സെൻ്റ് ഭൂമി സ്വന്തമാക്കുന്നതിനുള്ള നെട്ടോട്ടം. 14-ാം തീയതിയിലെ കണയന്നൂർ താലൂക്ക് പട്ടയമേളയിലെ പട്ടയ സ്വീകർത്താക്കളിൽ രതീഷിൻ്റെയും ഭാര്യ ടെസിയുടെയും പേരു കൂടി ചേരുമ്പോൾ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് തിരശീല വീഴുന്നത്.

തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ മാലിന്യം നീക്കുന്ന വാഹനം ഓടിക്കുകയാണ് ടെസി. ഹരിത കർമ്മ സേനയിലെ അംഗമായിട്ട് രണ്ടു വർഷം കഴിഞ്ഞു. ചിറ്റാത്തുകര കണ്ണംകേരി വീട്ടിൽ രതീഷാണ് ഭർത്താവ്. രണ്ടു മക്കളുമൊത്ത് രതീഷിന് തലമുറകളായി കൈമാറി വന്ന മൂന്നര സെൻ്റ പുറമ്പോക്കു ഭൂമിയിലെ കൊച്ചു വീട്ടിലാണ് താമസം. ഭൂമിക്ക് പട്ടയം ലഭിക്കാൻ വേണ്ടി നേരത്തെ അപേക്ഷ സമർപ്പിച്ചതാണ്. പല നിയമപ്രശ്നങ്ങളും കാരണം പട്ടയം ലഭിക്കുന്നത് നീണ്ടു. എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. പട്ടയം ലഭിക്കാത്തതുമൂലം വീടിന് ലോണിന് അപേക്ഷിക്കുന്നതിനോ വീട് നവീകരിക്കാനോ കഴിഞ്ഞില്ല. രതീഷ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസമാണ് താലൂക്കിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത്. പട്ടയം തയാറായിട്ടുണ്ടെന്നും 14ാം തിയതി കൈപ്പറ്റാമെന്നും. പട്ടയം കൈപ്പറ്റുമ്പോൾ ദീർഘനാളത്തെ കാത്തിരിപ്പിന് അവസാനിപ്പിച്ച് പുതിയ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ടെസിയും രതീഷും മക്കളും