പാലക്കാട്: ചിറ്റൂരിന്റെ ആരോഗ്യ മേഖലക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന ചിറ്റൂർ താലൂക്ക് ആശുപത്രി നിർമ്മാണം പുരോഗതിയിൽ. ആശുപത്രിയുടെ താഴത്തെ നില കോൺക്രീറ്റ് നടത്തുന്ന സ്ഥലം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിച്ചു. ആശുപത്രി നിർമ്മാണ പുരോഗതി വിലയിരുത്തിയ മന്ത്രി പദ്ധതി എഞ്ചിനിയർമാരെ അഭിനന്ദിച്ചു.
41.56 കോടി ചെലവിൽ ഏഴു നില കെട്ടിടം
സംസ്ഥാന സർക്കാർ കിഫ്ബി വഴി 41.56 കോടി രൂപയാണ് ആശുപത്രി നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഏഴു നില കെട്ടിടത്തിന് ഒപ്പം മോർച്ചറി, ജനറേറ്റർ റൂം, കാർ പാർക്കിംഗ്, ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ എന്നിവയും നിർമ്മിക്കും. 220 ബെഡുകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
താഴത്തെ നിലയിൽ കാഷ്വാലിറ്റിയും ലാബുകളും ട്രോമാകെയർ യൂണിറ്റുമാണ്. ഒ.പി ബ്ലോക്ക് ആണ് ഒന്നാമത്തെ നിലയിൽ. ജനറൽ വാർഡുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക വാർഡുകൾ എന്നിവ രണ്ടും മൂന്നു നിലകളിലായി ക്രമീകരിക്കും. പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ നാലാം നിലയിലും ഓപ്പറേഷൻ തിയേറ്ററുകൾ അഞ്ചാം നിലയിലും ലോൺട്രി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആറാം നിലയിലുമാണ് സജ്ജമാക്കുന്നത്. കരാർ പ്രകാരം 2022 ഒക്ടോബറിൽ നിർമാണം പൂർത്തിയാകും.