കൊല്ലം :വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ സങ്കീര്‍ണതകളില്ലാത്ത സംവിധാനം സംസ്ഥാനത്ത് ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മുണ്ടയ്ക്കല്‍ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായികളെ നേരിട്ട് കാണുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി വഴി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി. അവയ്ക്ക് പരിഹാരം കാണുകയുമാണ്. കേരളത്തിന് ഇണങ്ങുന്ന വ്യവസായങ്ങള്‍ തുടങ്ങുകയാണ് പ്രധാനം. സര്‍ക്കാരിന്റെ പിന്തുണ എല്ലാ ഘട്ടത്തിലുമുണ്ടാകും. വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തി. കൂടുതല്‍ പരിഷ്‌കരണം നടത്തുകയുമാണ്. തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ കരകയറ്റാന്‍ എല്ലാ ശ്രമങ്ങളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സംരംഭകര്‍ക്കുള്ള അലോട്ട്‌മെന്റ് മന്ത്രി വിതരണം ചെയ്തു.
എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി., കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ സജീവ് സോമന്‍, സംരംഭകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.