കോന്നി നിയോജക മണ്ഡലത്തില്‍ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും

പത്തനംതിട്ട: കോന്നി ഫിഷ് പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവര്‍ഗ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതം തൊഴില്‍ നല്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആനത്തോട് ഡാമില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉള്‍നാടന്‍ ജലാശയങ്ങളില്‍ പരമാവധി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.

എവിടെയൊക്കെ ജലം ലഭ്യമാണോ അവിടെയെല്ലാം മത്സ്യകൃഷി എന്നതാണ് സര്‍ക്കാരിന്റെ നയം. കോന്നി ഫിഷ് പദ്ധതിയിലൂടെ പ്രത്യക്ഷമായി തൊഴില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും. ആനത്തോട് ഡാമിനൊപ്പം മറ്റു ഡാമുകളിലും പദ്ധതി വ്യാപിപ്പിക്കും. കോന്നിയിലെ റിസര്‍വോയറുകളിലെ മത്സ്യ കൂടിന്റെ എണ്ണം അഞ്ഞൂറായി ഉയര്‍ത്തും.

ജലസംഭരണികളിലെ കൂട് മത്സ്യ കൃഷിയിലൂടെ 80 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അത്യാധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം കോന്നി നിയോജക മണ്ഡലത്തില്‍ അനുവദിക്കുമെന്നും, കോന്നി ഫിഷ് വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മത്സ്യഫെഡ് സഹായങ്ങള്‍ നല്കുമെന്നും മന്ത്രി പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ ശാക്തീകരണം മുന്‍നിര്‍ത്തിയും, കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന കോന്നി ഫിഷ് പദ്ധതിയുടെ ആനത്തോട് ഡാമിന്റെ റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള മത്സ്യ കൂടുകളില്‍ ബോട്ടിലെത്തിയ മന്ത്രി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 100 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആനത്തോട് ഡാം റിസര്‍വോയറിന്റെ മധ്യഭാഗത്തായി 100 മത്സ്യ കൂടാണ് സ്ഥാപിച്ചിട്ടുള്ളത്. നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും ആറു മീറ്റര്‍ നീളവും, നാലു മീറ്റര്‍ വീതിയും, നാല് മീറ്റര്‍ താഴ്ചയും ഉണ്ടാകും. ഹൈ ഡെന്‍സിറ്റി പോളി എഥിലീന്‍ ഉപയോഗിച്ചാണ് കൂട് നിര്‍മിച്ചിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ആര്‍.വി.ആര്‍ എന്ന കമ്പനിയാണ് കൂടുകളുടെ നിര്‍മാണം കരാറെടുത്ത് പൂര്‍ത്തിയാക്കിയത്.

തദ്ദേശീയ മത്സ്യങ്ങളെയാണ് മത്സ്യ കൂട്ടില്‍ വളര്‍ത്തുക. അനബാസ് വിഭാഗത്തില്‍ പെട്ട കരിമീന്‍ ഉള്‍പ്പടെയുള്ള മത്സ്യങ്ങളാണ് ഇപ്പോള്‍ നിക്ഷേപിച്ചത്. ഒരു കൂട്ടില്‍ 3000 മുതല്‍ 4000 വരെ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. വിളവെടുക്കുന്ന മത്സ്യം കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മത്സ്യഫെഡ് സഹായത്തോടെ സ്ഥാപിക്കുന്ന കേന്ദ്രങ്ങളിലൂടെയായിരിക്കും വിപണനം നടത്തുക.

കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതല്‍ അതിന്റെ പരിപാലനത്തില്‍ ഏര്‍പ്പെടുന്ന പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് പ്രതിദിനം 400 രൂപ വീതം കൂലി ലഭിക്കും. മത്സ്യവിപണനത്തിലൂടെ ലഭിക്കുന്ന ലാഭവും പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായിരിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.കെ. ജയകുമാര്‍ ശര്‍മ്മ, കെ.എന്‍. ശ്യാം മോഹന്‍ ലാല്‍, കെഎസ്ഇബി ഡാം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജഹാന്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. സുജ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീലജ അനില്‍, അംഗങ്ങളായ രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, സി. ശ്രീകുമാര്‍, എസ്. പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.