പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായുള്ള നവകേരളം 2021 പുരസ്‌കാര നിറവില്‍ തിരുവല്ല നഗരസഭയും തുമ്പണ്‍ ഗ്രാമപഞ്ചായത്തും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ജില്ലയില്‍ നഗരസഭാ വിഭാഗത്തില്‍ തിരുവല്ലയും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ തുമ്പമണ്ണും ഒന്നാമതെത്തിയത്.

ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ വിഭാഗം, ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ജില്ലാ ഏകോപന സമിതി നോമിനേറ്റ് ചെയ്ത തദ്ദേശസ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാര തുക. പുരസ്‌കാര വിതരണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.

ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്.

സീറോ വേസ്റ്റ് സ്വപ്നം സാധ്യമാക്കി തിരുവല്ല നഗരസഭ

ഖരമാലിന്യ സംസ്‌കരണത്തില്‍ സ്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് തിരുവല്ല നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. നഗരസഭയിലെ വലിയ തോതിലുള്ള മാലിന്യ ഉത്പാദനത്തെയും പ്രശ്‌നത്തെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനാണ് ഈ അംഗീകാരം ലഭിച്ചത്. ക്രിസ്‌ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന ഏജന്‍സി മുഖേനയാണ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അജൈവ മാലിന്യ ശേഖരണത്തിനായി 40 ഹരിതകര്‍മസേന അംഗങ്ങള്‍ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നു. നഗരസഭയിലെ ഏകദേശം മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ മാസത്തില്‍ രണ്ടു തവണ ശേഖരിക്കുന്നു. ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് പ്രതിമാസം 10000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അജൈവമാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുകയും വൃത്തിയായവ പൊടിച്ച് റോഡ് നിര്‍മാണത്തിനായി നല്‍കുന്നുമുണ്ട്.

ഇതിനായി ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായിട്ടുണ്ട്. വിവിധ വാര്‍ഡുകളിലായി 23 മിനി എം.സി.എഫുകള്‍ (അജൈവ മാലിന്യ ശേഖരണയൂണിറ്റുകള്‍) സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 2700 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മാണ ഘട്ടത്തിലാണ്.

ജൈവമാലിന്യ സംസ്‌കരണത്തിനായി ഉറവിട മാലിന്യ സംസ്‌കരണരീതി നടപ്പാക്കിവരുന്നു. ഉറവിടമാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത വീടുകള്‍ക്കായി ശുചിത്വമിഷന്‍ ഫണ്ട് വിഹിതമുള്ള ഡി.പി.ആര്‍ പദ്ധതി പ്രകാരം തുക വകയിരുത്തിയിട്ടുണ്ട്. മുന്‍പ് 4000 പൈപ്പ് കമ്പോസ്റ്റും 300 ബയോഗ്യാസ് പ്ലാന്റുകളും വിതരണം ചെയ്തിരുന്നു. കൂടാതെ ഈ വര്‍ഷം വീടുകള്‍ക്കായി 1560 ബക്കറ്റ് കമ്പോസ്റ്റ്, 1760 റിംഗ് കമ്പോസ്റ്റ്, 780 ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ നല്‍കി വരുകയാണ്.

കൂടാതെ മൂന്ന് സ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും നിലവിലുണ്ട്. 13 ഫ്‌ളാറ്റുകള്‍, 21 ഹോട്ടലുകള്‍, 25 കടകള്‍, രണ്ട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള മൂന്നു സ്വകാര്യ ആശുപത്രികള്‍ എന്നിവ ജൈവമാലിന്യ സംസ്‌കരണം ഉറവിടത്തില്‍ത്തന്നെ നടത്തുന്നുണ്ട്. മാലിന്യരഹിത തെരുവോരം എന്ന പേരില്‍ റോഡിന്റെ വശങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വച്ചു പിടിപ്പിക്കുന്ന സൗന്ദര്യവത്കരണ പരിപാടി നടന്നുവരികയാണ്.

ശുചിത്വത്തില്‍ സ്വയംപര്യപ്തത നേടി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്

ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ടാമത്തെ അംഗീകാരമാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നേടിയത്. നേരത്തെ ശുചിത്വപദവി പരിശോധനയിലും മികച്ച മാര്‍ക്ക് നേടി തുമ്പമണ്‍ ജില്ലയില്‍ ഒന്നാമതെത്തിയിരുന്നു. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമഫലമായാണ് പുരസ്‌കാരങ്ങള്‍ തേടിയെത്തിയത്.
26 ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

സര്‍ക്കാര്‍ നിര്‍ദേശാനുസരണമുള്ള കലണ്ടര്‍ പ്രകാരം ഇവര്‍ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കും. ജൈവമാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ കമ്പോസ്റ്റ് പിറ്റുകള്‍ സ്ഥാപിക്കുകയും ഓഡിറ്റോറിയം പോലെയുള്ള സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്നത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഹരിത ഹയറിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കോവിഡ് കാലത്ത് ഡിസിന്‍ഫെക്ഷന്‍ യൂണിറ്റും ഹരിതകര്‍മസേന ആരംഭിച്ചു.

ശുചിത്വവാട്‌സാപ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ 13 വാര്‍ഡുകളും കൂട്ടിയിണക്കി കോവിഡ് കമ്മ്യൂണിറ്റി എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങി. അജൈവമാലിന്യത്തിന്റെ ചിത്രം വാട്‌സാപ്പ് വഴി ലഭ്യമാക്കും. തുടര്‍ന്ന് ഹരിതകര്‍മസേന വീടുകളിലെത്തി അണുനശീകരണം നടത്തി മാലിന്യം ശേഖരിക്കും.